ന്യൂഡല്‍ഹി: ഭക്ഷ്യവസ്തുക്കള്‍ക്കും നിത്യോപയോഗസാധനങ്ങള്‍ക്കും നികുതിയിളവിന് ജിഎസ്ടി കൗണ്‍സില്‍ ധാരണ. ഭക്ഷ്യവസ്തുക്കള്‍ക്ക് പൂര്‍ണമായും നിത്യോപയോഗസാധനങ്ങളില്‍ 50 ശതമാനവും ഇളവ് നല്‍കാനാണ് നീക്കമുള്ളത്. ചരക്ക് സേവന നികുതിയില്‍ കുറഞ്ഞ നിരക്ക് 18 ശതമാനവും കൂടിയത് 26 ശതമാനവുമായി നിജപ്പെടുത്താനും നീക്കമുണ്ട്.
അഞ്ച് വ്യത്യസ്ത നിരക്ക് ഘടനകളാണ് ജിഎസ്ടി കൗണ്‍സിലിന്റെ ആദ്യ ദിനം ഉയര്‍ന്ന് വന്നത്. കുറഞ്ഞ നിരക്ക് 18 ശതമാനവും കൂടിയത് 26 ശതമാനവുമെന്ന അഭിപ്രായമാണ് ഇതിലൊന്ന്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന് ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം പരിഗണിച്ച ശേഷമാകും അന്തിമ നടപടി. ഇതിനിടെ ഭക്ഷ്യവസ്തുക്കള്‍ക്ക് പൂര്‍ണമായും നിത്യോപയോഗ സാധനങ്ങള്‍ക്ക് 50 ശതമാനവും നികുതിയിളവ് നല്കുന്ന കാര്യം ജിഎസ്ടി കൗണ്‍സില്‍ ചര്‍ച്ച ചെയ്തു. നിരക്ക് നിര്‍ണയം സാധാരണക്കാരന് ഭാരമാകാതിരിക്കാന്‍ ആഡംബരവസ്തുക്കള്‍ക്ക് കൂടുതല്‍ നികുതി ചുമത്തും.
അതേസമയം ചരക്ക് സേവന നികുതി നടപ്പിലാക്കുമ്പോഴത്തെ നഷ്ടപരിഹാരം സംബന്ധിച്ചും ഏകദേശ ധാരണയായി. ജിഎസ്ടി നടപ്പാക്കുമ്പോള്‍ ലഭിക്കുന്ന നികുതിയുടെ അടിസ്ഥാനത്തിലാകും സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക. സെസ് വഴി സ്വരൂപിക്കുന്ന പണം നഷ്ടപരിഹാരം നല്‍കുന്നതിന് ഉപയോഗിക്കാമെന്നും കണക്ക് കൂട്ടലുണ്ട്. അടുത്ത ഏപ്രില്‍ 1 മുതല്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്ന നിയമം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം പരിഗണിക്കും.