ന്യൂഡല്‍ഹി: കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നത് ഗൗരവത്തോടെയാണ് മന്ത്രാലയം നോക്കിക്കാണുന്നതെന്ന് ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് അഹീര്‍ വ്യക്തമാക്കി. ജനം ടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദിവസങ്ങള്‍ക്കുളളില്‍ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് ലഭിക്കുമെന്നാണ് കരുതുന്നത്. റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ശേഷമാകും തുടര്‍ നടപടികള്‍. കണ്ണൂരിലെ രാഷ്ട്രീയ അക്രമം സംബന്ധിച്ച കേസുകളിലെ അന്വേഷണം കേന്ദ്ര ഏജന്‍സി ഏറ്റെടുക്കുമോയെന്ന ചോദ്യത്തിന് സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് പഠിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നായിരുന്നു മന്ത്രിയുടെ മറുപടി. മുഖ്യമന്ത്രിയുമായും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുമായും ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അക്രമത്തിന്റെ പാത പിന്തുടരുന്നത് സിപിഎം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനാധിപത്യ ധ്വംസനത്തിലൂടെ രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കുന്നത് അംഗീകരിക്കാനാകില്ല. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്ന സംഭവങ്ങളില്‍ പൊലീസ് നിഷ്ക്രിയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മിക്ക കേസുകളിലും അന്വേഷണം ഇഴഞ്ഞ് നീങ്ങുന്ന കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.