ലോസ് ഏഞ്ചൽസ്: ശരീരത്തിലെ ആൾക്കഹോളിന്റെ അളവു മനസ്സിലാക്കാൻ കയ്യിൽ ധരിക്കാവുന്ന ടാറ്റൂവുമായി യു.എസ്.ശാസ്ത്രജ്ഞർ. ശരീരത്തിലെത്തിയിരിക്കുന്ന മദ്യത്തിന്റെ അളവ് വിയർപ്പിൽ നിന്നും കണ്ടെത്തി സ്മാർട്ട് ഫോണിലെ പ്രത്യേക ആപ്പ് വഴി രേഖപ്പെടുത്തുന്ന സംവിധാനമാണിത്.
ഈ ഉപകരണം മദ്യോപഭോഗത്തിന്റെ അളവ് നിയന്ത്രിക്കുവാൻ സഹായിക്കുമെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. ടാറ്റൂ പോലെ തോന്നിക്കുന്ന, കയ്യിലണിയാവുന്ന ബയോ സെൻസറുകൾ വഴിയാണ് ഉപകരണം ശരീരത്തിലെ മദ്യത്തിന്റെ അളവറിയുന്നത്.
അമേരിക്കയിൽ 2014ൽ മാത്രം മദ്യം കാരണമായി 88,000 പേരാണ് മരിച്ചതെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. മദ്യപിച്ചു വാഹനമോടിക്കുന്നതും, മദ്യപാനം മൂലമുള്ള രോഗങ്ങളും കാരണമായാണിത്. സ്വയം മദ്യോപയോഗത്തിന്റെ അളവു മനസ്സിലാക്കി നിയന്ത്രിക്കാൻ ഈ ഉപകരണം ഉപയോഗപ്പെടുമെന്നാണ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്.