ചണ്ഡിഗഢ്: ഭാരതം വെറുക്കുന്നത് പാകിസ്ഥാന് സ്പോണ്സര് ചെയ്യുന്ന തീവ്രവാദത്തെയാണെന്നും അല്ലാതെ അവിടുത്തെ ജനങ്ങളെയല്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. തീവ്രവാദ ഫാക്ടറികള്‍ അടച്ചുപൂട്ടിയാല്‍ പാകിസ്ഥാനുമായി സഹകരിക്കാന്‍ ഭാരതം തയ്യാറാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ചണ്ഡിഗഢില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്ഥാനിലെ ജനങ്ങളില്‍ നിന്നും അകലം പാലിക്കാന്‍ ഭാരതം താല്പര്യപ്പെടുന്നില്ല. പാകിസ്ഥാന് താല്പര്യപ്പെടുന്നുണ്ടെങ്കില് പാക് അധീന കശ്മീരിലെ തീവ്രവാദ വിരുദ്ധ പോരാട്ടത്തിന് സഹായം നല്‍കാനും ഒരുക്കമാണെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. തീവ്രവാദത്തോടുളള പാകിസ്ഥാന്റെ അനുകൂല സമീപനമാണ് ഇരുരാജ്യങ്ങളുടെയും ബന്ധത്തെ ഏറെ പ്രതികൂലമായി ബാധിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ ഏത് വിധേനയും തീവ്രവാദം വ്യാപിപ്പിക്കാനാണ് പാകിസ്ഥാനിലെ മുഴുവന്‍ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയിലെ സുരക്ഷാപാലനം വെല്ലുവിളിയായി മാറുന്നത്.
തീവ്രവാദത്തെ പ്രഖ്യാപിത നയമാക്കി മാറ്റുന്നതിലൂടെ പാകിസ്ഥാന് ദക്ഷിണേഷ്യയില്‍ മാത്രമല്ല അന്താരാഷ്ട്ര സമൂഹത്തില്‍ തന്നെ ഒറ്റപ്പെടുകയാണെന്ന് രാജ്നാഥ് സിംഗ് കുറ്റപ്പെടുത്തി.