കണ്ണൂര്‍: കണ്ണൂരില്‍ ബിജെപി വനിതാ നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞു. പയ്യന്നൂര്‍ കോറോത്ത് ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് മായാ മധുസൂദനന്റെ കോറോം നെല്ല്യാട്ടെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. സിപിഎം സംഘമാണ് അക്രമം നടത്തിയതെന്ന് ബിജെപി ആരോപിച്ചു.
രണ്ടാഴ്ച മുമ്പ് മായയുടെ വീട്ടില്‍ മാരകായുധങ്ങളുമായി അതിക്രമിച്ചു കയറിയ ഒരു സംഘം സിപിഎമ്മുകാര്‍ ഇവരുള്‍പ്പെടെ ബിജെപി പ്രവര്‍ത്തകരായ മൂന്ന് സ്ത്രീകളെ മര്‍ദ്ദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ അര്‍ധരാത്രിയോടെ വീടിന് നേരെ ബോംബെറിഞ്ഞത്. ബോംബേറില്‍ വീടിന്റെ മുന്‍വശത്തെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.
സിപിഎം-ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്ന കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ ലക്ഷ്യമിട്ട് സിപിഎം അക്രമിസംഘങ്ങള്‍ വ്യാപക അക്രമമാണ് നടത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്ത് നിന്ന് പോലും സ്ത്രീകള്‍ അടക്കമുളളവരെ അക്രമത്തിനിരയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പാതിരിയാട്, പടുവിലായി, ശങ്കരനല്ലൂര്‍, പിണറായി തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാപകമായി ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ അക്രമിക്കുകയും ചെയ്തിരുന്നു.