ദുബായ്: ദുബായിൽ ഡ്രൈവിങ് പരിശീലന ക്ലാസുകളുടെ ദൈർഘ്യം ഒരു മണിക്കൂറാക്കി വർധിപ്പിക്കുന്നു. നിലവിൽ അരമണിക്കൂറായിരുന്ന പ്രായോഗിക പരിശീലനമാണ് ഒരു മണിക്കൂറാക്കുന്നത്. പരിശീലന ദൈർഘ്യം കൂട്ടിയതനുസരിച്ച് മൊത്തം ക്ലാസുകളുടെ എണ്ണം 40 ൽ നിന്ന് ഇരുപതാക്കിയിട്ടുണ്ട്.
മറ്റു രാജ്യങ്ങളുടെ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് ക്ലാസുകളിൽ ഇളവും നൽകും. അഞ്ചുവർഷം പൂർത്തിയായ ലൈസൻസുള്ളവർക്ക് 10 ക്ലാസും രണ്ടുമുതൽ നാലുവർഷം പിന്നിട്ട ലൈസൻസുള്ളവർക്ക് 15 ക്ലാസുകളും എടുത്താൽ മതിയാകും. അടുത്തവർഷം ജനുവരി ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും.
ദുബായിൽ ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതു ഞായറാഴ്ച മുതൽ ഓൺലൈൻ വഴി ആയിരിക്കുമെന്ന് ആർടിഎ നേരത്തെ അറിയിച്ചിരുന്നു.