കോഴിക്കോട്: ബന്ധു നിയമനം സിപിഎമ്മിന്റെ പാര്‍ട്ടി പ്രശ്നമല്ലെന്നും പാര്‍ട്ടി യോഗത്തില്‍ ചര്‍ച്ച ചെയ്താല്‍ അവസാനിക്കുന്ന ഒന്നല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അധികാരത്തിലേറി നാല് മാസത്തിനുള്ളില്‍ ബന്ധുക്കളെ സുരക്ഷിതമായി പ്രതിഷ്ഠിക്കാനുളള ഇടത് മന്ത്രിമാരുടെ തീരുമാനം തികച്ചും അപലപനീയമാണെന്നും
ചെന്നിത്തല കോഴിക്കോട് പറഞ്ഞു.
യോഗ്യത പരിശോധിക്കാതെ നടത്തിയ നിയമനം നഗ്നമായ അഴിമതിയാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ ആരോപണം നേരിടുന്ന ഇ.പി ജയരാജന് മന്ത്രിസ്ഥാനത്ത് തുടരുന്നത് അധാര്‍മികമാണ്. ജയരാജനെ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കാന്‍ സിപിഎം തീരുമാനിക്കണം അല്ലെങ്കില്‍ ജനങ്ങള്‍ ഏറ്റെടുക്കേണ്ടി വരുമെന്നും ചെന്നിത്തല പറഞ്ഞു.
സ്വജനപക്ഷപാതത്തിനും അഡ്ജസ്റ്റ്മെന്റിനും കൂട്ടുനിന്ന ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ മറുപടി പറയേണ്ടി വരും. മുഖ്യമന്ത്രി അറിയാതെ ഇടത് മന്ത്രിസഭയില്‍ ഒരു കരിയില പോലും അനങ്ങില്ല. അദ്ദേഹം ഇക്കാര്യം അറിഞ്ഞില്ലെന്ന് പറയുന്നത് കാപട്യമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.