ന്യൂഡല്‍ഹി: സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനും ദളിത് വിരുദ്ധനീക്കങ്ങള്‍ക്കും താക്കീതായി ഡല്‍ഹിയില്‍ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. കേരളം ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ട് സിപിഎം പ്രവര്‍ത്തകര്‍ നടത്തുന്ന അക്രമത്തിലും ദളിത് വിരുദ്ധ നീക്കങ്ങളിലും പ്രതിഷേധിച്ച് ഡല്‍ഹിയിലെ സിപിഎം ആസ്ഥാനത്തേക്കാണ് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.
ബിജെപി ഡല്‍ഹി ഘടകത്തിന്റെയും, ദക്ഷിണേന്ത്യന്‍ സെല്ലിന്റെയും ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം. ബിജെപി ഡല്‍ഹി ഘടകം അദ്ധ്യക്ഷന്‍ സതീഷ് ഉപാദ്ധ്യായ അടക്കമുളളവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി. കേരളത്തില്‍ സിപിഎം നടത്തുന്ന അക്രമ പ്രവര്‍ത്തനങ്ങളെ ദേശീയ തലത്തില്‍ നേരിടുമെന്ന പ്രഖ്യാപനത്തോടെയാണ് സ്ത്രീകള്‍ അടക്കമുളളവര്‍ പ്രതിഷേധത്തില്‍ അണിനിരന്നത്. പന്ഥ്്മാര്ഗില് നിന്ന് തുടങ്ങിയ പ്രതിഷേധം എകെജി ഭവന് സമീപത്തേക്ക് എത്തിയതോടെ സിപിഎമ്മിന്റെ വികലനയങ്ങള്ക്കെതിരായ ജനരോഷം കൂടിയായി പ്രതിഷേധം മാറി.
കേരളത്തില്‍ ബിജെപി കാര്യകര്‍ത്താക്കളെ കൊലപ്പെടുത്തുന്നത് സിപിഎം ഗുണ്ടകള്‍ അവസാനിപ്പിക്കണമെന്ന് എഴുതിയ ബാനറിന് പിന്നിലായിരുന്നു പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ അണിനിരന്നത്. സിപിഎം ആസ്ഥാനത്തിന് പുറത്ത് അഞ്ഞൂറ് മീറ്റര്‍ അകലെ ബാരിക്കേഡുകള്‍ നിരത്തിയാണ് പൊലീസ് പ്രവര്‍ത്തകരെ തടഞ്ഞത്. ബാരിക്കേഡ് മറികടക്കാന്‍ തുനിഞ്ഞതോടെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്പോണ്സര് ചെയ്യുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരെ സമീപിക്കുമെന്ന് മാര്‍ച്ചിന് നേതൃത്വം നല്കിയ ദേശീയ നേതാക്കള്‍ വ്യക്തമാക്കി. സിപിഎമ്മിന്റെ അക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് ഉത്തര്‍പ്രദേശില്‍ നിന്നുള്ള എംപി വിനോദ് സോങ്കര്‍ പറഞ്ഞു. ്ബിജെപി ദളിത് വിരുദ്ധ സമീപനം സ്വീകരിക്കുന്നതായി ആരോപിക്കുന്ന സിപിഎം, കേരളത്തില്‍ ഇക്കുറി അധികാരമേറ്റ ശേഷം ദളിതരെ പല കേന്ദ്രങ്ങളിലും ആക്രമിക്കുകപോലും ചെയ്തതായി ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടി.
ദളിതരെ ആക്രമിക്കുകയും അതേസമയം ബിജെപി ദളിത് വിരുദ്ധ പാര്‍ട്ടിയാണെന്ന പ്രചാരണം നടത്തുകയുമാണ് സിപിഎം ചെയ്യുന്നതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. രണ്ട് മാസങ്ങള്‍ക്ക് മുന്‍പും കേരളത്തിലെ അക്രമസംഭവങ്ങള്‍ ചൂണ്ടിക്കാട്ടി സിപിഎമ്മിനെതിരേ ബിജെപി ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.