ന്യൂഡല്‍ഹി: സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ വിവാദ പ്രസ്താവന നടത്തിയ രാഹുല്‍ ഗാന്ധിക്ക് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ മറുപടി. സൈനികരുടെ രക്തം വില്‍പ്പനച്ചരക്കല്ലെന്നും അതിര്‍ത്തിയില്‍ കാവല്‍ നില്ക്കുന്ന സൈനികരുടെ ധൈര്യത്തെയാണ് രാഹുല്‍ ഗാന്ധി ചോദ്യം ചെയ്യുന്നതെന്നും അമിത് ഷാ പറഞ്ഞു.
സൈനികര്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനെ രാഷ്്ട്രീയത്തിന് അതീതമായി കാണാനായിരുന്നു ബിജെപിക്ക് താല്പര്യം. എന്നാല്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ അതിന് തെളിവ് ആവശ്യപ്പെട്ട് രാഷ്ട്രീയവല്‍ക്കരിച്ചിരിക്കുകയാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. സകല സീമകളും ലംഘിക്കുന്നതാണ് രാഹുലിന്റെ പ്രസ്താവന. കോണ്‍ഗ്രസിന്റെ മാനസികനിലയാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കല്‍ക്കരിയും ടുജിയും കൊണ്ട് ആരാണ് വ്യാപാരം നടത്തിയതെന്ന് അമിത് ഷാ ചോദിച്ചു.
രാജ്യവിരുദ്ധരായ രാഷ്ട്രീയക്കാരുടെ പ്രസ്താവനയല്ല സൈനികരുടെ വെടിയുണ്ടകളിലാണ് വിശ്വസിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. തീവ്രവാദികള്‍ക്കെതിരേ സ്വന്തം ജീവന് പോലും പണയപ്പെടുത്തി യുദ്ധം ചെയ്ത സൈനികരുടെ നടപടിയെ ആണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ചോദ്യം ചെയ്യുന്നതെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.
അരവിന്ദ് കെജ്രിവാളാണ് ആദ്യം തെളിവ് ആവശ്യപ്പെട്ടത്. അതിന് ശേഷം കെജ്രിവാള് പാകിസ്ഥാനില്‍ താരമായി. കെജ്രിവാളിന്റെ പ്രസ്താവന ആര്‍ക്കാണ് സഹായകമായതെന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.