ബാഗ്ദാദ്: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ ഉച്ചഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമമെന്ന് റിപ്പോര്‍ട്ട്. ബാഗ്ദാദിയും മൂന്ന് അനുയായികളും ഗുരുതരാവസ്ഥയിലാണെന്ന് ഡെയ്്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍ ഇറാഖിലെ നിനേവെയിലെ ബി ആജ് ജില്ലയിലെ സങ്കേതത്തില്‍ വെച്ചായിരുന്നു സംഭവം. ഇറാഖിലെ വാര്‍ത്താ ഏജന്‍സിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ബാഗ്ദാദിയുടെ കീഴില്‍ ശക്തമായിരുന്ന ഇസ്്ലാമിക് സ്റ്റേറ്റ് ആഭ്യന്തര കലഹത്തില്‍ ദുര്ബ്ബലമാകുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് ബാഗ്ദാദിയെ വിഷം നല്കി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്. ബാഗ്ദാദി ഉള്‍പ്പെടെ നാല് പേരെയും വിദഗ്ധ ചികിത്സയ്ക്കായി അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിന് പിന്നില്‍ ആരാണെന്ന് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ടിട്ടില്ല.
ഇബ്രാഹിം ആവാദ് ഇബ്രാഹിം എന്ന അബൂബക്കര്‍ അല്‍ ബാഗ്ദാദിയാണ് അല്‍ ഖ്വൊയ്ദയില് നിന്നും ഒരു വിഭാഗത്തെ അടര്‍ത്തിയെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിച്ചത്. 2011 ല്‍ ബാഗ്ദാദിയെ അമേരിക്ക തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു. ഇയാളെ ജീവനോടെയോ അല്ലാതെയോ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 10 മില്യന്‍ ഡോളര്‍ പ്രതിഫലവും വാഗ്ദാനം ചെയ്തിട്ടുണ്ട്.