തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ പ്രതിപക്ഷം ഇന്നും നിയമസഭാ നടപടികള്‍ ബഹിഷ്കരിച്ചു. നിരാഹാരമിരിക്കുന്ന എംഎല്‍എമാരുടെ ആരോഗ്യസ്ഥിതി മോശമായി തുടരുന്ന സാഹചര്യത്തില്‍ സഭാ നടപടികളുമായി സഹകരിച്ചുപോകാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
ചോദ്യോത്തരവേള ബഹിഷ്കരിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങുകയായിരുന്നു. പ്രതിപക്ഷ സമീപനം നിഷേധാത്മകമല്ലെന്നും സര്‍ക്കാര്‍ നല്ല സമീപനം സ്വീകരിച്ചാല്‍ പ്രശ്നം തീരുമെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിലെ പൊതുസമൂഹം ഉന്നയിച്ച ആശങ്കയാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. അത്തരം ആശങ്ക സഭയില്‍ ഉന്നയിക്കാനുളള ബാദ്ധ്യത പ്രതിപക്ഷത്തിനുണ്ട്. അല്ലാതെ സഭ സ്തംഭിപ്പിക്കണമെന്ന പിടിവാശി പ്രതിപക്ഷത്തിനില്ല. ഫീസ് കുറയ്ക്കാന്‍ തയ്യാറാണെന്ന് മാനേജ്മെന്റുകള്‍ അറിയിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അവരുമായി ചര്‍ച്ച നടത്തി വൈകാതെ തീരുമാനമുണ്ടാക്കുമെന്നാണ് പ്രതീക്ഷയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ സര്‍ക്കാര്‍ ദുരഭിമാനം വെടിയണമെന്ന് മുസ്്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് എംഎല്‍എമാരായ ഷാഫി പറമ്പിലും ഹൈബി ഈഡനുമാണ് നിരാഹാരം നടത്തുന്നത്. ഏഴാം ദിവസമാണ് സമരം. നേരത്തെ അനൂപ് ജേക്കബും സമരം നടത്തിയെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അനൂപ് ജേക്കബിനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അന്യായമായ ഫീസ് വര്‍ധന ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സമരം.