ബാരാമുള്ള: ജമ്മു കശ്മീരിലെ സൈനിക ക്യാമ്പിന് നേരെ വീണ്ടും ഭീകരാക്രമണം. ബാരാമുള്ളയിലെ 46 രാഷ്ട്രീയ റൈഫിൾസ് ക്യാമ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു ജവാൻ വീരമൃത്യു വരിച്ചു. രണ്ട് ഭീകരരെ സൈന്യം വധിച്ചു.
ഇന്നലെ രാത്രി 10.30 ഓടെയാണ് ബാരമുള്ളയിലെ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രണം ഉണ്ടായത്. ഉറിയിലെ സൈനിക ബ്രിഗേഡിന് നേരെയുണ്ടായ ആക്രമണത്തിന് സമാനമായിരുന്നു ബാരമുള്ളയിലേതും. 46 രാഷ്ട്രീയ റൈഫിൾസിന് പുറമെ ബി.എസ്.എഫിന്റെയും കേന്ദമായി പ്രവർത്തിക്കുന്ന ക്യാമ്പിൽ നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമം സൈന്യം വിഫലമാക്കി.
ക്യാമ്പിന് നേരെ ഗ്രനേഡ് എറിഞ്ഞ ശേഷമാണ് നുഴഞ്ഞുകയറാൻ ഭീകരർ ശ്രമം നടത്തിയത്. സമീപമുള്ള വീടുകളിൽ നിന്നും ക്യാമ്പിന് നേരെ വെടിവയ്പ് ഉണ്ടായതായി സൂചനയുണ്ട്. ഝലം നദീ ഭാഗത്തുനിന്നാണ് ഭീകരർ എത്തിയതെന്നാണ് വിലയിരുത്തൽ. ആറു ഭീകരർ സംഘത്തിൽ ഉൾപ്പെട്ടതായാണ് സൂചന.
സുരക്ഷാ ഉദ്യോഗസ്ഥർ പ്രദേശത്ത് തിരച്ചിൽ ശക്തമാക്കി. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായതായി സൈന്യത്തിന്റെ വടക്കൻ കമാന്റൻഡ് അറിയിച്ചു.