ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി മെഡിക്കല്‍ ബുളളറ്റിന്‍. ജയലളിത ചികിത്സയില്‍ കഴിയുന്ന ചെന്നൈ അപ്പോളോ ആശുപത്രിയില്‍ നിന്നും വൈകിട്ട് പുറത്തിറക്കിയ മെഡിക്കല്‍ ബുളളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുറച്ച് ദിവസങ്ങള്‍ കൂടി മുഖ്യമന്ത്രിക്ക് ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്നും ആശുപത്രി അധികൃതര്‍ വിശദീകരിച്ചു.
ചികിത്സയോടും മരുന്നുകളോടും ജയലളിതയുടെ ശരീരം നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുളള ചികിത്സാരീതിയാണ് നടത്തുന്നതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. യുകെയില്‍ നിന്നെത്തിയ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷലിസ്റ്റ് ഡോ. റിച്ചാര്‍ഡ് ബിയാലെ മുഖ്യമന്ത്രിയെ പരിശോധിക്കുന്നുണ്ടെന്നും മെഡിക്കല്‍ ബുളളറ്റിനില്‍ വ്യക്തമാക്കുന്നു.
ജയലളിതയുടെ ആരോഗ്യം മെച്ചപ്പെട്ടതായി എഐഎഡിഎംകെയും സ്ഥിരീകരിച്ചു. അമ്മയുടെ ആരോഗ്യത്തില്‍ നല്ല പുരോഗതിയുണ്ടെന്ന് പാര്‍ട്ടി വക്താവ് സി.ആര് സരസ്വതി പറഞ്ഞു. പനിയും നിര്‍ജ്ജലീകരണവും മൂലം ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നായിരുന്നു വിശദീകരണം. എന്നാല്‍ ചികിത്സാവിവരങ്ങള്‍ പുറത്തറിയിക്കാഞ്ഞതിനെ തുടര്‍ന്ന് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിവരങ്ങള്‍ പരസ്യപ്പെടുത്തിയത്.