ചെന്നൈ: ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ലണ്ടനില്‍ നിന്നുളള വിദഗ്ധ ഡോക്ടര്‍ പരിശോധിച്ചു. ലണ്ടന്‍ ബ്രിഡ്ജ് ആശുപത്രിയിലെ ഡോ. റിച്ചാര്‍ഡ് ജോണ്‍ ബിയാലെ ആണ് ജയലളിതയെ പരിശോധിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തിയത്. ജയലളിതയുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് സംഭവം.
അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തനായ തീവ്രപരിചരണ വിദഗ്ധനാണ് ഡോ. റിച്ചാര്‍ഡ് ജോണ്‍ ബിയാലെ. ഇന്നലെയാണ് അദ്ദേഹം ചെന്നൈയിലെത്തി ജയലളിതയെ പരിശോധിച്ചത്. ജയലളിതയുടെ ആരോഗ്യനില വിലയിരുത്താനും ചികിത്സയ്ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും അടുത്ത ദിവസങ്ങളില്‍ റിച്ചാര്‍ഡ് ജോണ്‍ ചെന്നൈയില്‍ തങ്ങുമെന്നാണ് സൂചന.
മുഖ്യമന്ത്രിയുടെ ആരോഗ്യനിലയില്‍ ആശയക്കുഴപ്പം നീക്കണമെന്ന് ഡിഎംകെ നേതാവ് കരുണാനിധി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ ജയലളിതയുടെ ഫോട്ടോ പുറത്തുവിടണമെന്നും കരുണാനിധി ആവശ്യപ്പെട്ടിരുന്നു. പ്രോട്ടോക്കോള്‍ അനുസരിച്ച് ചീഫ് സെക്രട്ടറിയോ ആരോഗ്യവകുപ്പ് മന്ത്രിയോ മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെക്കുറിച്ച് ജനങ്ങളോട് വിശദീകരിക്കേണ്ടതുണ്ടെന്നും കരുണാനിധി ചൂണ്ടിക്കാട്ടുന്നു.
അപ്പോളോ ആശുപത്രി അധികൃതരും മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറായിട്ടില്ല. ആശുപത്രിയില്‍ നിരവധി പേര് സന്ദര്‍ശിക്കുന്നുണ്ടെങ്കിലും ആരെയും മുഖ്യമന്ത്രിയെ കാണാന്‍ അനുവദിച്ചിട്ടില്ല. ജയലളിതയുടെ അനുയായികളും അമ്മയുടെ ആരോഗ്യനിലയെക്കുറിച്ചുളള വിശദീകരണത്തിനായി കാത്തിരിക്കുകയാണ്. പനിയും നിര്‍ജ്ജലീകരണവും മൂലം കഴിഞ്ഞ വ്യാഴാഴ്ചയാണ് മുഖ്യമന്ത്രിയെ അഡ്മിറ്റ് ചെയ്തതെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.