ന്യൂഡല്‍ഹി: സര്‍ജിക്കല്‍ സ്ട്രൈക്കിന് തിരിച്ചടി നല്‍കുമെന്ന് പാകിസ്ഥാന് ഭീഷണിപ്പെടുത്തുമ്പോള്‍ ഭാരതത്തിന് ടെന്‍ഷനില്ല. കാരണം പാകിസ്ഥാന്റെ ഓരോ നീക്കവും കൃത്യമായി നിരീക്ഷിക്കാന്‍ മുകളില്‍ കാര്‍ട്ടോസാറ്റിന്റെ കണ്ണുകളുണ്ട്. പാക് സൈന്യത്തിന്റെയും ഭീകരരുടെയും നീക്കങ്ങള്‍ കാര്‍ട്ടോസാറ്റ് ഉപഗ്രഹങ്ങള്‍ തല്‍സമയം പകര്‍ത്തി രാപകലില്ലാതെ ഇന്ത്യന്‍ സൈന്യത്തിനു എത്തിക്കുന്നുണ്ടെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു.
സൈനിക ആവശ്യങ്ങള്‍ക്കായുള്ള ഇന്ത്യയുടെ വിശ്വസ്ത ഉപഗ്രഹങ്ങളായ കാര്‍ട്ടോസാറ്റ്-2 എ, കാര്‍ട്ടോസാറ്റ്-2 ബി, കാര്‍ട്ടോസാറ്റ്-2 സി എന്നിവയാണ് അതിര്‍ത്തിയിലെയും അതിര്‍ത്തിക്കപ്പുറത്തെയും നീക്കങ്ങള്‍ വീക്ഷിക്കുന്നത്. കാര്‍ട്ടോസാറ്റ് ശ്രേണിയിലെ ഏറ്റവും പുതിയ ഉപഗ്രഹങ്ങള്‍ ജൂണിലാണ് വിക്ഷേപിച്ചത്. ഈ ശ്രേണിയിലെ ആദ്യ ഉപഗ്രഹം ഇന്ത്യ വിക്ഷേപിച്ചത് 2005ലാണ്. 2007ല്‍ കാര്‍ട്ടോസാറ്റ് 2എ വിക്ഷേപിച്ചു.
നിശ്ചല ചിത്രങ്ങള്‍ക്ക് പുറമെ വീഡിയോ പകര്‍ത്താനും കാര്‍ട്ടോസാറ്റിന് കഴിയും. മികവാര്‍ന്ന ചിത്രങ്ങളും വിഡിയോയുമായാണ് കാര്‍ട്ടോസാറ്റ് ഒപ്പിയെടുക്കുന്നത്. മറ്റ് രാജ്യങ്ങളില്‍ നിന്നുളള മിസൈല്‍ ആക്രമണങ്ങളെ മുന്‍കൂട്ടി അറിയിക്കാനും ഈ ഉപഗ്രഹങ്ങള്‍ക്ക് സാധിക്കും.
സര്‍ജിക്കല്‍ സ്ട്രൈക്കിന് ഇന്ത്യയുടെ മൂന്നാം കണ്ണായി പ്രവര്‍ത്തിച്ചതും കാര്‍ട്ടോസാറ്റ് തന്നെയാണ്. ഇതാദ്യമായാണ് സൈനികനടപടിക്കായി ഇന്ത്യ ഉപഗ്രഹങ്ങള്‍ ഉപയോഗിക്കുന്നത്.
നിലവില്‍ ചൈനയും അമേരിക്കയും മറ്റു രാജ്യങ്ങളുടെ സൈനികനീക്കങ്ങള്‍ അറിയാന്‍ ഉപഗ്രഹങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇവരോട് കിടപിക്കാന്‍ ഇന്ത്യക്കാവും എന്ന് തെളിയിക്കുക കൂടിയാണ് ഇന്ത്യ ചെയ്തത്. ഈ ശ്രേണിയില്‍ ബഹിരാകാശത്തുള്ളതില് ഏറ്റവും മികച്ച ഉപഗ്രഹങ്ങളിലൊന്നാണ് ഇന്ത്യയുടെ കാര്‍ട്ടോസാറ്റ്2-സി.