ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സൈനിക നടപടിക്കിടെ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന തരത്തില്‍ പാകിസ്ഥാന് മാദ്ധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും വ്യാജമാണെന്ന് ഇന്ത്യന്‍ സൈന്യം. എട്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി കാണിച്ച് പാകിസ്ഥാനിലെ ചില ചാനലുകള്‍ ഈ ദൃശ്യങ്ങളും ചിത്രങ്ങളും സംപ്രേഷണം ചെയ്ത സാഹചര്യത്തിലാണ് ഇന്ത്യന്‍ സൈന്യത്തിന്റെ വിശദീകരണം. ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്തതാണെന്ന് സൈന്യം വ്യക്തമാക്കി.
സൈനിക നടപടിയില്‍ പങ്കെടുത്ത ഇന്ത്യന്‍ സൈനികരില്‍ ആര്‍ക്കും ആളപായം നേരിട്ടിട്ടില്ലെന്ന് സൈന്യം വിശദീകരിച്ചു. ഓപ്പറേഷന് പൂര്‍ത്തിയാക്കി ഇന്ത്യന്‍ മേഖലയിലേക്ക് തിരിച്ചുവരുന്ന വഴി മൈനില്‍ ചവിട്ടി ഒരു സൈനികന് നിസാര പരിക്കേല്‍ക്കുക മാത്രമേ ചെയ്തിട്ടുളളൂവെന്നും സൈന്യം വ്യക്തമാക്കി. നിലവില്‍ പുറത്തുവന്ന ദൃശ്യങ്ങളും ചിത്രങ്ങളും വ്യാജമാണെന്നും അവ പ്രചരിപ്പിക്കരുതെന്നും സൈന്യം മുന്നറിയിപ്പ് നല്കി.
പാകിസ്ഥാന് മാദ്ധ്യമങ്ങള്‍ പുറത്തുവിട്ട ചിത്രങ്ങള്‍ ഇന്ത്യയില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് സൈനികവൃത്തങ്ങള്‍ വിശദീകരണവുമായി രംഗത്തെത്തിയത്. പാക് ചാനലായ ജിയോ ന്യൂസിലെ ക്യാപിറ്റല്‍ ടോക്് എന്ന ഷോയില്‍ ഇന്നലെ പതിന്നാല് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. പാക് പത്രമായ ഡോണ്‍ ന്യൂസും എട്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ആക്രമണം നടത്തിയെന്ന വാര്‍ത്ത പാകിസ്ഥാന് നിഷേധിച്ച സാഹചര്യത്തില്‍ നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ത്ത് പ്രകോപനം സൃഷ്ടിച്ചെന്ന തരത്തിലാണ് പാക് മാദ്ധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.