ബെയ്ജിംഗ്: ഇന്ത്യയുമായി യുദ്ധമുണ്ടായാല്‍ പാകിസ്ഥാനെ പിന്തുണയ്ക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് ആവര്‍ത്തിച്ച് ചൈന. കശ്മീര്‍ വിഷയം ഉള്‍പ്പെടെയുളള പ്രശ്നങ്ങള്‍ ഇരുരാജ്യങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് ചൈനയുടെ നിലപാടെന്നും മേഖലയുടെ സമാധാനത്തിനും സ്ഥിരതയ്ക്കും ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ചൈനയുടെ വിദേശകാര്യമന്ത്രാലയം വക്താവ് ജെങ് ഷുവാങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യുഎന്‍ ജനറല്‍ അസംബ്ലിയുടെ ഭാഗമായി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും ചൈനീസ് പ്രധാനമന്ത്രി ലീ ക്വെക്വിയാങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് കശ്മീര്‍ വിഷയത്തില്‍ യുദ്ധമുണ്ടായാല്‍ പാകിസ്ഥാന് പിന്തുണ നല്‍കുമെന്ന് ചൈന ഉറപ്പ് നല്‍കിയതായി പാക് മാദ്ധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. ഇതിന് പിന്നാലെ ചൈന വാര്‍ത്ത നിഷേധിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നും പാക് മാദ്ധ്യമങ്ങള്‍ ഇതേ രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ വിശദീകരണം.
ഇക്കാര്യത്തില്‍ ചൈനയുടെ നിലപാട് വ്യക്തവും ഉറച്ചതുമാണ്. ഇന്ത്യയും പാകിസ്ഥാനും നിലവിലെ പ്രശ്നങ്ങള്‍ കൃത്യമായി ചര്‍ച്ച ചെയ്യുകയും ഭിന്നതകള്‍ അതിലൂടെ പരിഹരിക്കുകയും വേണമെന്നാണ് സുഹൃത്തും അയല്ക്കാരുമെന്ന നിലയില്‍ ചൈനയുടെ നിലപാടെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ലാഹോറിലെ ചൈനീസ് കോണ്‍സുല്‍ ജനറല്‍ യൂ ബോറന് നടത്തിയ സമാനമായ അഭിപ്രായപ്രകടനത്തെക്കുറിച്ചും അറിയില്ലെന്ന് ജെങ് ഷുവാങ് വ്യക്തമാക്കി.
കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്റെ നിലപാട് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ശക്തമായി ഉന്നയിക്കുന്നതില്‍ പാക് പ്രധാനമന്ത്രിയും നയതന്ത്ര പ്രതിനിധികളും പരാജയപ്പെട്ടുവെന്ന ആക്ഷേപം പാകിസ്ഥാനില്‍ ശക്തമാണ്. ഇത് മറികടക്കാനാണ് യുദ്ധമുണ്ടായാല്‍ ചൈന പിന്തുണയ്ക്കുമെന്ന തരത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചതെന്നാണ് വിലയിരുത്തല്‍.