കറാച്ചി: ഇന്ത്യയുമായി യുദ്ധമുണ്ടായേക്കാമെന്ന ഭീതിയില്‍ പാകിസ്ഥാനിലെ ഓഹരിവിപണിയില്‍ വന്‍ ഇടിവ്. കറാച്ചി ഓഹരി വിപണി 569 പോയിന്റ് ഇടിഞ്ഞ് 39,771 ലാണ് ക്ലോസ് ചെയ്തത്. പാക് വ്യോമസേനാ വിമാനങ്ങള്‍ സൈനിക പരിശീലനം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയായിരുന്നു ഓഹരി വിപണിയിലെ വന്‍ ഇടിവ്.
ചെറുകിട നിക്ഷേപകര്‍ ഭയചികിതരായി ഓഹരികള്‍ വിറ്റഴിക്കാന്‍ തിരക്ക് കൂട്ടിയതാണ് വിപണിയിലെ ഇടിവിന് കാരണമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറഞ്ഞു.അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം മുന്നൊരുക്കങ്ങള്‍ നടത്തുന്നുവെന്ന വാര്‍ത്തകളും പരിഭ്രാന്തിക്ക് ആക്കം കൂട്ടി.
പാകിസ്ഥാനില്‍ നിന്നും സമാനമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രാജ്യത്തിനകത്ത് പലയിടത്തേക്കുമുളള വിമാനസര്‍വ്വീസുകള്‍ പാകിസ്ഥാന് നിര്‍ത്തിയതും വാര്‍ത്തയുടെ വിശ്വാസ്യത കൂട്ടി.
1.41 ശതമാനമാണ് വിപണിയില്‍ ഇടിവുണ്ടായതെന്ന് കറാച്ചി സ്റ്റോക് എക്സ്ചേഞ്ച് വൃത്തങ്ങള്‍ പറഞ്ഞു. സൂചിക 40,000 പോയിന്റില്‍ താഴെയെത്തിയെന്നതും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.