മലപ്പുറം/കണ്ണൂര്‍: ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിന് മുന്നോടിയായുളള കൊടിമര, പതാക ജാഥകള്‍ക്ക് ആവേശകരമായ തുടക്കം. പയ്യാമ്പലത്തെ കെ.ജി മാരാര്‍ സ്മൃതികുടീരത്തില്‍ നിന്നാണ് കൊടിമര ജാഥ ആരംഭിച്ചത്. മലപ്പുറം തവനൂരില്‍ കെ. കേളപ്പന് സ്മൃതി മണ്ഡപത്തില്‍ നിന്നാണ് പതാക ജാഥയ്ക്ക് തുടക്കമായത്. ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ ആവേശം പ്രവര്‍ത്തകരും ഏറ്റുവാങ്ങിയതിന്റെ നേര്‍ക്കാഴ്ചയായിരുന്നു രണ്ടിടങ്ങളിലും ദൃശ്യമായത്.
ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം അഡ്വ. പി.എസ് ശ്രീധരന്‍പിള്ളയാണ് കൊടിമരജാഥ ഫ്ലാഗ് ഓഫ് ചെയ്തത്. മാരാര്‍ജി സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്. സംസ്ഥാന സെക്രട്ടറിമാരായ വി.കെ.സജീവന്, പ്രമീള എസ്. നായിക്ക്, ജില്ലാ അദ്ധ്യക്ഷന്‍ പി.സത്യപ്രകാശ്, വൈസ് പ്രസിഡന്റ് കെ.രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി വി.കെ സജീവനും കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശുമാണ് കൊടിമരജാഥ നയിക്കുന്നത്.
തവനൂരില്‍ ബി.ജെ.പി ദേശീയ സമിതിയംഗം പി.കെ കൃഷ്ണദാസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എന്‍.ശിവരാജന് പതാക കൈമാറിയതോടെയാണ് പതാകജാഥയ്ക്ക് തുടക്കമായത്. നിളാതീരത്തെ കെ.കേളപ്പന് സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് തവനൂര്‍ നഗരത്തില്‍ നടന്ന പരിപാടിയിലായിരുന്നു പതാക കൈമാറിയത്.
സംസ്ഥാന രാഷ്ട്രീയത്തില്‍ ബി.ജെ.പി ഏറ്റവും വലിയ മുന്നേറ്റം കാഴ്ചവെച്ച അവസരത്തില്‍ തന്നെ ദേശീയ സമ്മേളനം കേരളത്തില്‍ നടക്കുന്നതിന് പ്രാധാന്യമേറെയാണെന്ന് പി.കെ കൃഷ്ണദാസ് പറഞ്ഞു. വിവിധയിടങ്ങളില്‍ നിന്നും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാകും ജാഥകള്‍ സമ്മേളന നഗരിയായ കോഴിക്കോട് എത്തുക.
വൈകിട്ടോടെ കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കുന്ന പതാക ജാഥയോടൊപ്പം ദീപശിഖാ റാലിയും കൊടിമര ജാഥയും ഒത്തുചേര്‍ന്ന് മുതലക്കുളം മൈതാനത്ത് സമാപിക്കും.