ശ്രീനഗര്‍: കശ്മീരിലെ ഭീകരാക്രമണത്തിന് അറുതി വരുത്താന്‍ നുഴഞ്ഞുകയറ്റക്കാരെ ലക്ഷ്യമിട്ട് ഇന്ത്യന്‍ സൈന്യം. കഴിഞ്ഞ ദിവസം ഭീകരാക്രമണം ഉണ്ടായ ഉറി സെക്ടറില്‍ ഇന്ത്യന്‍ മേഖലയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച എട്ടുപേരെ സൈന്യം വധിച്ചു. പ്രദേശത്ത് ഇപ്പോഴും സൈന്യത്തിന്റെ തെരച്ചില്‍ തുടരുകയാണ്. ഹന്ദ്വാരയിലും ഭീകരര്‍ സൈന്യവുമായി ഏറ്റുമുട്ടി. ഇതില്‍ ഒരു സൈനികന് പരിക്കേല്‍ക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ഭീകരാക്രമണം ഉണ്ടായ സൈനിക ക്യാമ്പിന് ഏതാനും കിലോമീറ്റര്‍ അകലെ ബാരാമുളള ജില്ലയിലെ ലക്കിപ്പുരയിലാണ് ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം ഉണ്ടായത്. പതിനഞ്ചോളം വരുന്ന സംഘമാണ് ഇന്ത്യന്‍ മേഖലയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്.
ഉച്ചയോടെ ഈ ഭാഗത്ത് പാക് സൈനികര്‍ കരാര്‍ ലംഘിച്ച് വെടിവെയ്പ് നടത്തിയിരുന്നു. സാധാരണ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ക്ക് മറപിടിക്കാന്‍ വേണ്ടിയും അതിര്‍ത്തിയിലെ സൈനികരുടെ ശ്രദ്ധ തിരിക്കാന്‍ വേണ്ടിയുമാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് വെടിവെയ്പുണ്ടാകുന്നത്. ഇതറിയാവുന്ന ഇന്ത്യന്‍ സൈന്യം വെടിവെയ്പിന് ശേഷം നടത്തിയ വിശദമായ പരിശോധനയിലാണ് നുഴഞ്ഞുകയറ്റശ്രമം ശ്രദ്ധയില്‍പെട്ടത്.
തുടര്‍ന്ന് സൈന്യം തിരിച്ചടിക്കുകയായിരുന്നുവെന്നാണ് വിവരം. ഏറ്റുമുട്ടല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസത്തെ തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നുഴഞ്ഞുകയറ്റശ്രമങ്ങള്‍ ഇല്ലാതാക്കാന്‍ കര്‍ശന പരിശോധനകള്‍ വേണമെന്ന് സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സൈന്യത്തിന്റെ നടപടി.