ന്യൂഡല്‍ഹി: ഇന്ത്യയില്‍ അഭയാര്‍ഥിത്വത്തിന് അപേക്ഷ നല്‍കുമെന്ന് ബലൂച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ബ്രഹാംദഗ് ബുഗ്തി. സ്വിറ്റ്സര്‍ലന്‍ഡിലെ ഇന്ത്യന്‍ എംബസി വഴിയായിരിക്കും അഭയാര്‍ഥിത്വത്തിന് അപേക്ഷ നല്‍കുകയെന്നും ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബലൂച് ദേശീയവാദി നേതാവായിരുന്ന നവാബ് അക്ബര്‍ ഖാന് ബുഗ്തിയുടെ പേരക്കുട്ടിയാണ് ബ്രഹാംദഗ് ബുഗ്തി. നിലവില്‍ സ്വിറ്റ്സര്‍ലന്‍ഡിലാണ് ബ്രഹാംദഗ് ബുഗ്തിയുടെ താമസം. നവാബ് അക്ബര്‍ ഖാന് ബുഗ്തിയെ പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാക് സൈന്യം കൊലപ്പെടുത്തുകയായിരുന്നു.
പാക് സൈനിക നേതൃത്വത്തിനെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിക്കാന്‍ ബലൂച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ടെന്നും ബ്രഹാംദഗ് ബുഗ്തി വ്യക്തമാക്കി. വിഷയത്തില്‍ ചൈനയ്ക്കെതിരേയും അന്താരാഷ്ട്ര കോടതിയില്‍ കേസ് നല്‍കും. ഇന്ത്യയെക്കൂടാതെ അഫ്ഗാനിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും സഹായം തേടുമെന്നും ബ്രഹാംദഗ് ബുഗ്തി പറഞ്ഞു.
ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗത്തില്‍ പരാമര്ശിച്ചതോടെയാണ് ബലൂചിസ്ഥാനില്‍ പാക് സൈന്യം നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ വീണ്ടും അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായത്. ബലൂചിസ്ഥാനില്‍ ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണത്തില്‍ ഹിതപരിശോധന നടത്തണമെന്നും ബ്രഹാംദഗ് ബുഗ്തി ആവശ്യപ്പെട്ടിരുന്നു.