ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചിക്കുന്‍ഗുനിയ ബാധിച്ച് രണ്ട് പേര് കൂടി മരിച്ചു. ഗംഗാറാം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ അലിഗഢ് സ്വദേശികളായ ഉദയ് ശങ്കര്‍ പ്രസാദ് (61), അശോക് ചൗഹാന് (62) എന്നിവരാണ് മരിച്ചത്.
ഇന്നലെ ഗാസിയാബാദില്‍ നിന്നുളള രാമേന്ദ്ര പാണ്ഡെ എന്നയാളും രോഗം ബാധിച്ച് മരിച്ചിരുന്നു. രോഗത്തിന്റെ കാഠിന്യത്താല്‍ ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതാണ് മൂവരുടെയും മരണകാരണം. ഡല്‍ഹിയിലെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൈക്കൊള്ളുന്നുണ്ടെങ്കിലും ഫലവത്താകുന്നില്ലെന്ന് ആക്ഷേപം ഉണ്ട്. കൊതുകു നശീകരണം ഉള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങള്‍ സജീവമാണ്.
ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും രോഗബാധിതര്‍ക്ക് മതിയായ ചികിത്സ നല്കാന് എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കി. 262 ഡിസ്പെന്‍സറികളില്‍ പ്രത്യേക പനി ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും 26 സര്‍ക്കാര്‍ ആശുപത്രികളില്‍ വിപുലമായ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. സ്ഥിതി നേരിടാന്‍ എല്ലാ സഹായവും നല്കാന് തയ്യാറാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ വ്യക്തമാക്കി.
അധികൃതരുടെ കണക്ക് അനുസരിച്ച് ഇക്കൊല്ലം ഇതുവരെ 1057 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. പനിയും സന്ധികള്‍ക്ക് വേദനയുമാണ് രോഗലക്ഷണങ്ങള്‍. അധികവും പ്രായമുളളവരിലാണ് രോഗബാധ കണ്ടുവരുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പ്രമേഹം ഉള്‍പ്പെടെയുളള വാര്‍ധക്യസഹജമായ രോഗങ്ങള്‍ ഉളളവര്‍ക്ക് ചിക്കുന്‍ഗുനിയ കൂടി ബാധിക്കുന്നതോടെ ഇവരുടെ ആരോഗ്യസ്ഥിതി മോശമാകുന്നതായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ ഇക്കൊല്ലം ഇതുവരെ 12,000 പേര്‍ക്ക് ചിക്കുന്‍ഗുനിയയും 27,000 പേര്‍ക്ക് ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. കേരളവും ഒഡീഷയും പശ്ചിമബംഗാളുമാണ് കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങള്‍.