വെല്ലൂർ: രാജീവ്ഗാന്ധി വധക്കേസിൽ ശിക്ഷയിൽ കഴിയുന്ന പേരറിവാളനെ ജയിലിൽ സഹതടവുകാരൻ ആക്രമിച്ചു. ഇരുമ്പുവടികൊണ്ട് തലയ്ക്കടിയ്ക്കുകയായിരുന്നു. ജീവപര്യന്തം തടവനുഭവിയ്ക്കുന്ന പേരറിവാളനെ, കൊലപാതകം, തട്ടിക്കൊണ്ടു പോകൽ തുടങ്ങിയ കേസുകളിൽ ജീവപര്യന്തമനുഭവിയ്ക്കുന്ന രാജേഷ് ഖന്ന എന്ന സഹതടവുകാരനാണ് ആക്രമിച്ചത്.
ആക്രമണത്തേത്തുടർന്ന് തലയ്ക്കു പരിക്കേറ്റ പേരറിവാളനെ ആശുപത്രിയിൽ അടിയന്തരചികിത്സയ്ക്കു വിധേയനാക്കി. പരിക്ക് സാരമുള്ളതല്ലെന്ന് ജയിൽ വൃത്തങ്ങൾ അറിയിച്ചു.
രണ്ടു ബ്ലോക്കുകളിലായി തടവിൽ പാർപ്പിച്ചിരിക്കുന്ന രണ്ടു തടവുകാർ തമ്മിൽ സംഘർഷമുണ്ടായതിന്റെ കാരണം വ്യക്തമല്ല. പേരറിവാളൻ ജയിലിലെ ഹൈ സെക്യൂരിറ്റി ബ്ലോക്ക് ഒന്നിലും, രാജേഷ് ഖന്ന ഹൈ സെക്യൂരിറ്റി ബ്ലോക്ക് രണ്ടിലുമാണ് കഴിയുന്നത്. സംഭവത്തേക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി.