ന്യൂഡല്‍ഹി: സിപിഎം പോഷക സംഘടനയായ പട്ടികജാതി ക്ഷേമ സമിതി കണ്ണൂരില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ഗുജറാത്തിലെ ദളിത് നേതാവ് അഡ്വ. ജിഗ്നേഷ് മേവാനി. ദളിത് രാഷ്ട്രീയവുമായി ബന്ധപ്പെട്ട സിപിഎം നിലപാടുകളോട് വിയോജിച്ചാണ് തീരുമാനമെന്നും ജിഗ്നേഷ് മേവാനി ഫെയ്സ്ബുക്കില്‍ കുറിച്ച പോസ്റ്റില്‍ വ്യക്തമാക്കി. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തന്നെ പരിപാടിക്ക് ക്ഷണിച്ചതെന്നും ജിഗ്നേഷ് മേവാനി വ്യക്തമാക്കി.
ഈ മാസം 21 നാണ് സ്വാഭിമാന സംഗമം എന്ന പേരില്‍ സിപിഎം കണ്ണൂരില്‍ പരിപാടി സംഘടിപ്പിക്കുന്നത്. ഒരു പാര്‍ട്ടിയുമായും ബന്ധമില്ലെന്ന് പറഞ്ഞാണ് തന്നെ പരിപാടിക്ക് ക്ഷണിച്ചതെന്ന് ജിഗ്നേഷ് പറഞ്ഞു. എന്നാല്‍ പട്ടികജാതി ക്ഷേമ സമിതി സിപിഎമ്മിന്റെ പോഷക സംഘടനയാണെന്ന് കേരളത്തിലെ സുഹൃത്തുക്കള്‍ അറിയിച്ചതോടെയാണ് പിന്മാറാന് തീരുമാനിച്ചതെന്നും ജിഗ്നേഷ് മേവാനി വ്യക്തമാക്കി.
കേരളത്തിലെ സിപിഎമ്മിന്റെ പ്രവര്ത്തനത്തോടും ആശയത്തോടും തനിക്ക് ഗൗരവകരമായ എതിര്‍പ്പുകള്‍ ഉണ്ടെന്നും ജിഗ്നേഷ് തുറന്നടിച്ചു. ചിത്രലേഖയുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ഉള്‍പ്പെടെ സിപിഎം സ്വീകരിച്ച നിലപാടുകളും വിഷയം കൈകാര്യം ചെയ്ത രീതിയും തനിക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ജിഗ്നേഷ് വ്യക്തമാക്കി. പട്ടികജാതി ക്ഷേമ സമിതിയെക്കുറിച്ച് നേരത്തെ അന്വേഷിക്കാതെയാണ് താന്‍ പരിപാടിയില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചതെന്നും ഫെയ്സ്ബുക്കില്‍ ജിഗ്നേഷ് വിശദീകരിച്ചു.
ജിഗ്നേഷ് മേവാനി പരിപാടിയില്‍ നിന്ന് പിന്മാറിയത് സിപിഎമ്മിന് തിരിച്ചടിയായിരിക്കുകയാണ്. ജിഗ്നേഷിന്റെ ചിത്രമുള്‍പ്പെടെ വെച്ച പരിപാടിയുടെ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ അനുയായികള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. അതിനിടെ
ദളിതരുടെ പേരില്‍ സിപിഎം നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പിന്റെ ഒടുവിലത്തെ ഉദാഹരണമായി പോലും പരിപാടി ചിത്രീകരിക്കപ്പെട്ടിരുന്നു. ജിഗ്നേഷിന്റെ പിന്മാറ്റത്തോടെ ദളിത് വിഷയത്തില്‍ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് ഒന്നുകൂടി തുറന്നുകാണിക്കപ്പെടുകയാണെന്ന് രാഷ്ട്രീയ വിമര്‍ശകരും ചൂണ്ടിക്കാട്ടുന്നു.