യൂയോർക്ക് : യുഎസ് ഓപ്പൺ വനിതാ വിഭാഗത്തിൽ കരോലിന പ്ലിസ്ക്കോവ- ഏഞ്ചലിക് കെർബർ ഫൈനൽ. ടോപ് സീഡ് സെറീന വില്യംസിനെ അട്ടിമറിച്ചാണ് ചെക്ക് താരം പ്ലിസ്കോവ ഫൈനലിലെത്തിയത്.ഡെൻമാർക്കിന്റെ കരോളിന വോസ്നിയാക്കിയെ പരാജയപ്പെടുത്തിയാണ് കെർബറുടെ ഫൈനൽ പ്രവേശം.സെമിയിലെ തോൽവിയോടെ സെറീനയ്ക്ക് ലോക ഒന്നാം നമ്പർ പദവിയും നഷ്ടമായി.
റെക്കോർഡുകൾ തിരുത്തികുറിക്കാനിറങ്ങിയ സെറീന വില്യംസിന് സെമിയിൽ അടിതെറ്റി.ആദ്യ സെറ്റിൽ പൊരുതാനാകാതെ സെറീന കീഴടങ്ങിയപ്പോൾ ചെക്ക് റിപ്പബ്ലിക്കൻ താരം അനായാസമായി സെറ്റ് സ്വന്തമാക്കി.
രണ്ടാം സെറ്റിൽ മത്സരത്തിലേക്ക് തിരിച്ചുവരാൻ സെറീന ശ്രമിച്ചെങ്കിലും പ്ലിസ്ക്കോവയുടെ മികച്ച റിട്ടേൺ ഷോട്ടുകളും കിടയറ്റ സർവുകളും വിജയം പിടിച്ചെടുത്തു.സ്കോർ 6-2,7-6.ആദ്യമായാണ് പ്ലിസ്കോവ ഒരു ഗ്രാൻസ്ലാം ടൂർണമെന്റിന്റെ ഫൈനലിലെത്തുന്നത്.
രണ്ടാം സെമിയിൽ കരോലിന വോസ്നിയാക്കിയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് രണ്ടാം സീഡ് ഏഞ്ജലിക്ക് കെർബർ ഫൈനലിലെത്തിയത്.സ്കോർ 6-4,6-3. സെറീനയുടെ തോൽവിയോടെ കെർബർ ലോക ഒന്നാം നമ്പർ പദവിയിലുമെത്തി.
പുരുഷ വിഭാഗം സിംഗിൾസ് സെമിഫൈനലിൽ ലോക ഒന്നാം നമ്പർ താരം സെർബിയയുടെ നൊവാക് ജോക്കോവിച്ച് ഫ്രാൻസിന്റെ ഗേൽ മോൻഫിൽസിനെ നേരിടും.രണ്ടാം സെമിയിൽ സ്വീറ്റ്സർലന്റിന്റെ സ്റ്റാനിസ്ലാവ് വാവ്റിങ്കയാണ് ജപ്പാന്റെ കെയി നിഷികോറിയുടെ എതിരാളി.