കൊല്ലം: ചവറ ബേബി ജോണ്‍ മെമ്മോറിയല്‍ കോളേജില്‍ എസ്എഫ്ഐ നേതാവ് വിദ്യാര്‍ഥിനിയെ റാഗ് ചെയ്തതായി പരാതി. കേരളാ യൂണിവേഴ്സിറ്റി യൂണിയന് ജോയിന്റ് സെക്രട്ടറിയും കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുമായ അക്ഷയ് അശോകിനെതിരെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കിയത്.
രണ്ടാഴ്ച മുന്‍പ് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ നടത്തിയ പ്രകടനത്തിനിടെ എഎസ്ഐയെ നിലത്തിട്ട് മര്‍ദ്ദിച്ച കേസിലെ രണ്ടാം പ്രതിയാണ് അക്ഷയ് അശോക്. അച്ചടക്ക നടപടിയുടെ ഭാഗമായി നേരത്തെയും ഇയാള്‍ കോളേജില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്.
ഓഗസ്റ്റ് 16 നാണ് പെണ്‍കുട്ടി കോളജില്‍ ബിരുദ ക്ലാസിലേക്ക് അഡ്മിഷന് എടുത്തത്. പിറ്റേന്ന് മുതല്‍ ക്ലാസില്‍ പോകാനും തുടങ്ങി. എന്നാല്‍ പരിചയപ്പെടാനെന്ന വ്യാജേന സമീപിച്ച അക്ഷയ് പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തുകയും തന്റെ ഒപ്പമിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് വിസമ്മതിച്ചതോടെ പിന്നെ ഭീഷണിയായി.
കഴിഞ്ഞ ദിവസം ഓണാഘോഷ പരിപാടിയുടെ പരിശീലനം നടത്തിക്കൊണ്ടിരിക്കെ ഇയാള്‍ വീണ്ടുമെത്തി ശല്യം ചെയ്തതോടെയാണ് പെണ്‍കുട്ടി കോളജ് അധികൃതര്‍ക്ക് പരാതി നല്‍കിയത്. പ്രദേശവാസിയാണെന്ന അഹങ്കാരം കാട്ടിയാല്‍ കോളജില്‍ പഠിക്കാന്‍ അനുവദിക്കില്ലെന്ന് ഉള്‍പ്പെടെ ഇയാള്‍ ഭീഷണി മുഴക്കി.
ഇതിനിടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിഷയത്തില്‍ ഇടപെട്ടെങ്കിലും പെണ്‍കുട്ടിയെ കോളജില്‍ പഠിക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണി ആവര്‍ത്തിക്കുകയാണ് അക്ഷയ് ചെയ്തത്. ഇതോടെയാണ് ഇയാള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് പെണ്‍കുട്ടി കോളജ് അധികൃതര്‍ക്ക് പരാതി നല്‍കിയത്. പരാതി കോളജ് മാനേജ്മെന്റ് പരിഗണിച്ചുവരികയാണ്.