കൊച്ചി: ഐഎസ്എല്‍ മൂന്നാം സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു. ടീം ഉടമ സച്ിചന് ടെന്‍ഡുല്‍ക്കറുടെ സാന്നിദ്ധ്യത്തില്‍ കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് ടീമിനെ പ്രഖ്യാപിച്ചത്. ടീമിന്റെ ജെഴ്സിയണിഞ്ഞ് മുണ്ടുടുത്തെത്തിയ സച്ചിന് നമസ്കാരം പറഞ്ഞാണ് ചടങ്ങില്‍ സംസാരിച്ചു തുടങ്ങിയത്.
ടീമിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന് സച്ചിന് പ്രതീക്ഷ പ്രകടിപ്പിച്ചു. ആരാധകരുടെ പിന്തുണ ബ്ലാസ്റ്റേഴ്സിന് എപ്പോഴും ഉണ്ടാകുമെന്നും സച്ചിന് കൂട്ടിച്ചേര്‍ത്തു. സൗഹൃദ മത്സരങ്ങള്‍ക്കായി ടീം തായ്ലാന്റിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായിട്ടാണ് കൊച്ചിയില്‍ ചടങ്ങ് സംഘടിപ്പിച്ചത്. സച്ചിനൊപ്പം ബ്ലാസ്റ്റേഴ്സിന്റെ സഹ ഉടമകളായ ചിരഞ്ജീവി, നാഗാര്‍ജ്ജുന, അല്ലു അരവിന്ദ് തുടങ്ങിയവരും കൊച്ചിയിലെ ചടങ്ങില്‍ പങ്കെടുത്തു.ടീമിന്റെ യൂത്ത് അംബാസിഡറായി നടന് നിവിന്‍ പോളിയെയും പ്രഖ്യാപിച്ചു.
27 പേരടങ്ങുന്ന ടീമിനെയാണ് പ്രഖ്യാപിച്ചത്. മൈക്കല്‍ ചോപ്ര, അന്റോണിയോ ജര്‍മ്മന്‍, മുഹമ്മദ് റാഫി എന്നിവരടങ്ങുന്ന മുന്നേറ്റനിരയും ദിദിയര്‍ ബോറിസ് കാഡിയോയുടെ നേതൃത്വത്തിലുള്ള മധ്യനിരയും ഇന്ത്യന്‍ താരം സന്ദേശ് ജിങ്കാന്റെയും മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസിന്റെയും പ്രതിരോധക്കോട്ടയുമെല്ലാം ബ്ലാസ്റ്റേഴ്സിന് ഏറെ പ്രതീക്ഷ നല്കുന്നു.
കടുത്ത പരിശീലനത്തിന് ശേഷമാണ് ഇത്തവണ ബ്ലാസ്റ്റേഴ്സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിനൊരുങ്ങുന്നത്. രണ്ടാം സീസണിലെ പാളിച്ചകളെല്ലാം മറികടക്കാനുള്ള എല്ലാ തന്ത്രങ്ങളുമായാണ് ടീമിനെ ഒരുക്കിയതെന്ന് പരിശീലകന് സ്റ്റീഫന്‍ കോപ്പല്‍ പറഞ്ഞു. ഒക്ടോബര്‍ ഒന്നിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.
കഴിഞ്ഞ തവണ വിദേശപരിശീലനം നടത്താത്തതിന്റെ പേരില്‍ ടീം ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. തായ്ലന്ഡിലെ പ്രീമിയര്‍ ഒന്നാം ഡിവിഷന് ടീമുകളുമായിട്ടായിരിക്കും ബ്ലാസ്റ്റേഴ്സ് മത്സരിക്കുക.