ന്യൂഡൽഹി : കശ്മീരിനെ ഭാരതസൈന്യത്തിന്റെ ശവപ്പറമ്പാക്കുമെന്ന് പറഞ്ഞ ഹിസ്ബുൾ മേധാവി സയ്യദ് സലാഹുദ്ദീന് ബിജെപിയുടെ മറുപടി. സൈന്യത്തിന്റെ വെടിയേറ്റു മരിച്ച ബുർഹാൻ വാനിയുടെ ഗതിയായിരിക്കും സയ്യദ് സലാഹുദ്ദീനെന്ന് ബിജെപി വക്താവ് ഷൈന എൻ സി പറഞ്ഞു.
കശ്മീരിനെ ശവപ്പറമ്പാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നവർ കരുതിയിരിക്കുന്നത് നല്ലതാണ് . ബുർഹാൻ വാനിക്ക് സംഭവിച്ചതുപോലെയുള്ള കാര്യങ്ങളാകും ഭീഷണിപ്പെടുത്തുന്നവരുടെ വിധി. ഷൈന പറഞ്ഞു. വിഘടനവാദികൾക്കെതിരെ നടപടിയെടുക്കാൻ കഴിവുള്ള സർക്കാരാണ് രാജ്യം ഭരിക്കുന്നതെന്ന് മറന്നുപോകരുതെന്നും ഷൈന കൂട്ടിച്ചേർത്തു.
ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കശ്മീരിനെ ഭാരത സൈന്യത്തിന്റെ ശവപ്പറമ്പാക്കുമെന്ന് സലാഹുദ്ദീൻ പറഞ്ഞത് . കശ്മീരിലേക്ക് കൂടുതൽ ചാവേറുകളെ അയക്കുമെന്നും വേണ്ടി വന്നാൽ കശ്മീരിനു പുറത്തേക്ക് അക്രമം വ്യാപിപ്പിക്കുമെന്നും സലാഹുദ്ദീൻ ഭീഷണി മുഴക്കിയിരുന്നു.