കണ്ണൂര്‍: സി.പി.എം സംഘം വെട്ടിക്കൊലപ്പെടുത്തിയ ആര്.എസ്.എസ് പ്രവര്ത്തകന് വിനീഷിന്റെ ഭൗതികദേഹം തില്ലങ്കേരിയിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലയിലും മാഹിയിലും നടന്ന ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.
സ്വയംസേവകരും നാട്ടുകാരുമുള്‍പ്പെടെ ആയിരങ്ങളുടെ സാന്നിധ്യത്തിലാണ് വിനീഷിന്റെ ഭൗതികദേഹം സംസ്കരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം നൂറുകണക്കിന് പ്രവര്‍ത്തകരുടെയും നിരവധി വാഹനങ്ങളുടെയും അകമ്പടിയോടെ വിലാപയാത്രയായാണ് മൃതദേഹം തില്ലങ്കേരിയിലെത്തിച്ചത്. വീടിനു മുന്നിലെ റോഡരികില്‍ പൊതുദര്‍ശനത്തിനു ശേഷം വീട്ടുവളപ്പിലാണ് സംസ്കാരം നടന്നത്.
ആര്.എസ്.എസ് സഹപ്രാന്ത പ്രചാരക് എസ്.സുദര്ശന്, പ്രാന്ത സഹ സമ്പര്‍ക്കപ്രമുഖ് പി.പി.സുരേഷ്ബാബു, പ്രാന്ത കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി, വിഭാഗ് കാര്യവാഹ് വി.ശശിധരന്, വിഭാഗ് പ്രചാരക് ഗിരീഷ്കുമാര്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ്, സംസ്ഥാന സെല്‍ കോ ഓര്‍ഡിനേറ്റര്‍ കെ.രഞ്ജിത്ത് തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു.
ആയിരക്കണക്കിന് ആര്.എസ്.എസ് പ്രവര്‍ത്തകരുടെ കണ്ഠത്തില് നിന്നുയര്‍ന്ന പ്രാര്‍ത്ഥനാഗീതം ഭാരതമാതാവിനും അവരുടെ അന്ത്യപ്രണാമം വിനീഷിനും സമര്‍പ്പിച്ചുകൊണ്ടായിരുന്നു സംസ്കാരച്ചടങ്ങുകള്‍ അവസാനിച്ചത്.
വിനീഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലയിലും മാഹിയിലും നടന്ന ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിരുന്നെങ്കിലും വളരെ കുറച്ചു വാഹനങ്ങള്‍ മാത്രമേ നിരത്തിലിറങ്ങിയുള്ളു. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു.