ഹാങ്ഷൂ: ഭാരതത്തിന്റെ എൻ എസ് ജി അംഗത്വത്തിന് പിന്തുണ ആവർത്തിച്ച് ആസ്ട്രേലിയ. ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് ആസ്ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടൺബുൾ ഭാരതത്തിനുള്ള പിന്തുണ ആവർത്തിച്ചത്.
പ്രതിരോധം , രാജ്യസുരക്ഷ തുടങ്ങിയ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായെന്ന് വിദേശ കാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. ഭീകരവാദത്തിനെതിരെ എല്ലാ ജനാധിപത്യ രാഷ്ട്രങ്ങളും ഒരുമിക്കണമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. മേഖലയിലേക്ക് ഭീകരവാദം കയറ്റുമതി ചെയ്യുന്നവരെ മനസ്സിലാക്കി പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും മോദി കൂടിക്കാഴ്ചയിൽ സംസാരിച്ചു.
കൽക്കരി ഖനന മേഖലകളിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിൽ ആസ്ട്രേലിയയുമായുള്ള സഹകരണം ശക്തമാക്കും . ഇക്കാര്യത്തിൽ ആസ്ട്രേലിയൻ കമ്പനികൾ വിദഗ്ദ്ധരാണെന്നും അത് ഭാരതത്തിന് സഹായകരമാകുമെന്നും മോദി വ്യക്തമാക്കി.