തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ തുല്യനീതിയല്ല രണ്ട് നീതിയാണ് നടപ്പാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തുല്യനീതി ഉറപ്പുനല്‍കുമെന്ന് പറഞ്ഞാണ് പിണറായി വിജയന് അധികാരത്തിലേറിയത്. എന്നാല്‍ ഇപ്പോള്‍ മാര്ക്സിസ്റ്റ്കാര്ക്ക് ഒരു നീതിയും മറ്റുളളവര്‍ക്ക് വേറൊന്നുമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. എല്‍ഡിഎഫ് സര്‍ക്കാര്‍ 100 ദിവസം തികച്ച സാഹചര്യത്തിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിനെക്കുറിച്ച് നല്ലതുപറയാന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് പോലും കഴിയുന്നില്ല. ഉപദേഷ്ടാക്കളെ കൊണ്ട് വലഞ്ഞ സര്‍ക്കാരാണ് കേരളത്തില്‍ ഉളളത്. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പറഞ്ഞ പിണറായി വിജയന് എന്തുകൊണ്ടാണ് സ്വന്തം ഓഫീസില്‍ കെട്ടിക്കിടക്കുന്ന ഫയലുകളെക്കുറിച്ച് ഒന്നും പറയാത്തതെന്ന് ചെന്നിത്തല ചോദിച്ചു.
വിവരാവകാശ നിയമത്തിന്റെ അന്തസത്ത തന്നെ സര്‍ക്കാര്‍ തകര്‍ത്തു. സംസ്ഥാനത്ത് പൊലീസിന്റെ പ്രവര്‍ത്തനം താളം തെറ്റി. ഫലപ്രദമായ നിലയില്‍ ജനങ്ങള്‍ക്ക് സുരക്ഷിതത്വബോധം ഉറപ്പുവരുത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായും ചെന്നിത്തല ആരോപിച്ചു.
സംസ്ഥാനത്ത് കൊലപാതകങ്ങള്‍ വര്‍ധിക്കുകയാണ്. ക്വട്ടേഷന്‍ സംഘങ്ങളും ബ്ലേഡ് മാഫിയകളും വീണ്ടും സജീവമാകുന്നു. എല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കേന്ദ്രീകരിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.