കണ്ണൂര്‍: സിപിഎം അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയ ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജിന്റെ സ്മരണയിലാണ് കണ്ണൂര്‍. മനോജിന്റെ രണ്ടാം ബലിദാന വാര്‍ഷികത്തോട് അനുബന്ധിച്ച് കണ്ണൂര്‍ ജില്ലയില്‍ ഉടനീളം വിവിധ അനുസ്മരണ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുളളത്.
രാവിലെ മനോജ് സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടന്നു. ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരും മനോജിന്റെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ നിരവധി പേര് പരിപാടിയില്‍ പങ്കെടുത്തു. ആര്.എസ്.എസ് അഖിലഭാരതീയ സഹ പ്രചാര്‍ പ്രമുഖ് ജെ.നന്ദകുമാര്‍, പ്രാന്ത സഹ സമ്പര്‍ക്കപ്രമുഖ് പി.പി സുരേഷ്ബാബു, പ്രാന്ത കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി, വിഭാഗ് സംഘചാലക് സി. ചന്ദ്രശേഖരന്, അഡ്വ. സി.കെ ശ്രീനിവാസന്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
ജില്ലയിലെ മറ്റ് കേന്ദ്രങ്ങളിലും അനുസ്മരണ പരിപാടികള്‍ നടക്കും. മനോജിന്റെ ഓര്‍മ്മകള്‍ പുതുക്കുന്നതിനൊപ്പം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ രക്തദാനമുള്‍പ്പെടെയുള്ള സേവാപ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
2014 സെപ്തംബര്‍ 1നാണ് കതിരൂര്‍ എളന്തോട്ടത്തില്‍ മനോജിനെ അക്രമിസംഘം ബോംബെറിഞ്ഞ് ഭീതിപരത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ക്ക് അടക്കം ഗുഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ മനോജ് വധക്കേസ് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.