കോഴിക്കോട്: ക്ഷേത്രങ്ങളെ ആര്‍എസ്എസ് ആയുധപ്പുരകളാക്കുകയാണെന്ന ആരോപണം തെളിയിക്കാന്‍ ദേവസ്വം മന്ത്രി കടകംപള്ളി രാമചന്ദ്രന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ വെല്ലുവിളി. ആരോപണത്തില്‍ ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ ഉന്നയിച്ച ആരോപണം തെളിയിക്കാനുളള ബാദ്ധ്യത കടകംപള്ളി സുരേന്ദ്രന് ഉണ്ടെന്ന് കുമ്മനം രാജശേഖരന് കോഴിക്കോട് പറഞ്ഞു.
ഏത് ക്ഷേത്രമാണ് ആര്‍എസ്എസ് ആയുധപ്പുരയായി മാറ്റിയതെന്ന് കടകംപള്ളി പറയണം. ആ ക്ഷേത്രങ്ങളിലേക്ക് കടകംപള്ളിക്കൊപ്പം താനും പോകാന്‍ തയ്യാറാണെന്നും അവിടെ റെയ്ഡ് നടത്തി ആയുധങ്ങള്‍ കണ്ടെടുക്കട്ടെയെന്നും കുമ്മനം പറഞ്ഞു. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും നിരവധി പ്രവര്‍ത്തകര്‍ ശാഖകളിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ആര്‍എസ്എസ് ശാഖകളുടെ പ്രവര്‍ത്തനം ഇനിയും ശക്തമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നലെ ഫെയ്സ്ബുക്കിലൂടെയാണ് ദേവസ്വം ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് അനധികൃത പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്നും ആയുധപ്പുരകളാക്കി മാറ്റുകയാണെന്നും കടകംപള്ളി സുരേന്ദ്രന് ആരോപിച്ചത്. ഇത് സംബന്ധിച്ച പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും കടകംപള്ളി വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് മാദ്ധ്യമപ്രവര്‍ത്തകര്‍ പരാതികളെക്കുറിച്ച് ചോദിച്ചപ്പോള്‍ വ്യക്തമായ ഉത്തരം നല്കാന് അദ്ദേഹം തയ്യാറായില്ല.