കോഴിക്കോട്: സിപിഎം ഓഫീസുകളാണ് ആയുധപ്പുരകളായി മാറുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. റെയ്ഡ് നടത്തേണ്ടത് പാര്‍ട്ടി ഓഫീസുകളിലാണെന്നും രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാന്‍ സിപിഎം ആയുധം സംഭരിക്കുന്നത് അവിടെയാണെന്നും കുമ്മനം രാജശേഖരന് ആരോപിച്ചു. ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ആയുധപ്പുരകളാക്കുന്നുവെന്ന ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുഹമ്മദ് അസ്ലമിനെയും ടി.പി ചന്ദ്രശേഖരനെയും ഷുക്കൂറിനെയും ഫൈസലിനെയും വധിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ സിപിഎം എവിടെയാണ് ശേഖരിച്ചുവെച്ചതെന്ന് കുമ്മനം ചോദിച്ചു. ക്ഷേത്രങ്ങളിലെ ആര്‍എസ്എസ് ശാഖകളെക്കുറിച്ച് ഇല്ലാത്ത പരാതി ഉണ്ടാക്കുകയാണ് ദേവസ്വം മന്ത്രി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഇതൊരു പ്രചരണമാണെന്ന് കുമ്മനം ചൂണ്ടിക്കാട്ടി. യഥാര്‍ഥത്തില്‍ അത്തരത്തില്‍ പരാതി ഉണ്ടായിരുന്നുവെങ്കില്‍ മന്ത്രി എന്ന നിലയില്‍ തന്നെ ഇക്കാര്യം അന്വേഷിക്കാനും റെയ്ഡ് ഉള്‍പ്പെടെയുളള നടപടികള്‍ നടത്താനും കടകംപള്ളി സുരേന്ദ്രന് ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെടാം. ആഭ്യന്തരമന്ത്രിക്കോ ഡിജിപിക്കോ ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കാം. എന്നാല്‍ ഇതൊന്നും ചെയ്യാതെ ഫെയ്സ്ബുക്കിലൂടെ പ്രസ്താവന നടത്തുകയാണ് മന്ത്രി ചെയ്തത്. അടിസ്ഥാന രഹിതമായ കാര്യമാണെന്ന് അദ്ദേഹത്തിന് തന്നെ ഉത്തമബോധ്യമുളളതിനാലാണ് ഇങ്ങനൊരു നീക്കം നടത്തിയതെന്നും കുമ്മനം രാജശേഖരന് ആരോപിച്ചു.