തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പിന്നാലെ ആര്‍എസ്എസിനെതിരേ വിവാദ പ്രസ്താവനയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്ത്. ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ആയുധപരിശീലനം നടത്തുകയാണെന്നും സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാക്കി മാറ്റുകയാണെന്നുമുളള കടകംപള്ളിയുടെ ആരോപണത്തിനെതിരേ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു.
ദേവസ്വം ബോര്‍ഡിന് കീഴിലുളള ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് അടക്കമുളള സംഘടനകള്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുമെന്ന കടകംപള്ളിയുടെ പ്രസ്താവനയാണ് പ്രതിഷേധം ക്ഷണിച്ചുവരുത്തിയത്. ഫെയ്സ്ബുക്കിലൂടെ ആയിരുന്നു മന്ത്രിയുടെ പ്രസ്താവന.
ഇക്കാര്യത്തില്‍ പരാതികള്‍ ലഭിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കടകംപള്ളിയുടെ വാക്കുകള്‍. ഈ പരാതികളില്‍ അടിയന്തര നടപടി സ്വീകരിക്കാനുളള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് പറയുന്ന കടകംപള്ളി ക്ഷേത്രങ്ങളിലെ ആര്‍എസ്എസ് ശാഖകള്‍ നിയന്ത്രിക്കുമെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട് നടത്തുന്ന ശോഭായാത്രകളുടെ പേരിലാണ് കോടിയേരി ബാലകൃഷ്ണന് ആര്‍എസ്എസിനെ വിമര്‍ശിച്ചത്. ഇതിന് പിന്നാലെയായിരുന്നു കടകംപള്ളിയുടെ പ്രസ്താവന.