കൊച്ചി: അങ്കമാലിക്ക് സമീപം കറുകുറ്റിയില്‍ ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് തടസപ്പെട്ട ട്രെയിന്‍ ഗതാഗതം തിങ്കളാഴ്ച രാവിലെയോടെ പൂര്‍ണമായി പുനസ്ഥാപിക്കാനാകുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പാളം തെറ്റിയ ബോഗികള്‍ ക്രെയിനുകള്‍ ഉപയോഗിച്ച് മാറ്റാനുളള ശ്രമം തുടരുകയാണ്. രാത്രിയോടെ ഭാഗീകമായി ഗതാഗതം പുനസ്ഥാപിക്കാവുന്ന വിധത്തിലാണ് ജോലികള്‍ നടക്കുന്നത്
രണ്ട് ക്രെയിനുകളുടെ സഹായത്തോടെയാണ് ബോഗികള്‍ മാറ്റുന്നത്. പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്. ഒരു വരി ട്രാക്കിലെ ബോഗികള്‍ മാറ്റിയാല്‍ ഭാഗികമായി സര്‍വീസ് നടത്താം. ഇതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ് കറുകുറ്റിക്ക് സമീപം പാളം തെറ്റിയത്. സംഭവം അട്ടിമറിയല്ലെന്നും അപകടമാണെന്നും റെയില്‍വേ വ്യക്തമാക്കി.
അപകടത്തിന് ശേഷം ഈ പാതയിലൂടെയുളള ട്രെയിന്‍ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിരുന്നു. അഞ്ച് ദീര്‍ഘദൂര സര്‍വ്വീസുകള്‍ റദ്ദാക്കുകയും മറ്റ് ട്രെയിനുകളുടെ സമയം പുനക്രമീകരിക്കുകയും ചെയ്തിരുന്നു. ആയിരക്കണക്കിന് യാത്രക്കാരാണ് ഇതോടെ ദുരിതത്തിലായത്. ഈ സാഹചര്യത്തിലാണ് പാളത്തിലെ തടസങ്ങള്‍ നീക്കി ഗതാഗതം പുനസ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് ദ്രുതഗതിയില്‍ ജോലികള്‍ നടത്തുന്നത്.
യാത്രക്കാര്‍ക്കായി റെയില്‍വേ സ്പെഷല്‍ സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കോട്ടയം വഴി തിരുവനന്തപുരത്തേക്ക് ട്രെയിന്‍ പുറപ്പെട്ടതായി റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. യാത്രക്കാരെ മറ്റ് ബദല്‍ സംവിധാനം ആശ്രയിക്കുന്നിടത്തേക്ക് മാറ്റാന്‍ കെഎസ്ആര്‍ടിസിയും അപകടസ്ഥലത്ത് നിന്നും സര്‍വ്വീസുകള്‍ നടത്തിയിരുന്നു.