ന്യൂഡല്‍ഹി: കശ്മീരില്‍ പൊലിയുന്ന ഓരോ ജീവനും രാജ്യത്തിന്റെ നഷ്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവാക്കളെ കല്ലെറിയാന്‍ പ്രേരിപ്പിക്കുന്നവര്‍ ഒരിക്കല്‍ അവരോട് മറുപടി പറയേണ്ടി വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീരില്‍ കൊല്ലപ്പെടുന്നത് പ്രദേശവാസിയായ യുവാവ് ആയാലും സുരക്ഷാസൈനികനായാലും അത് രാജ്യത്തിന്റെ നഷ്ടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ വിവിധ രാഷ്ട്രീയകളുടെ അഭിപ്രായ ഐക്യത്തെയും പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു. വിഘടനവാദികള്‍ക്കും ലോകത്തിനും ഇത് ശക്തമായ സന്ദേശമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് ഉയരേണ്ട ഐക്യത്തിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കവേയാണ് പ്രധാനമന്ത്രി കശ്മീര്‍ വിഷയവും പരാമര്‍ശിച്ചത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശൗചാലയങ്ങള്‍ക്കായി സ്കൂള്‍ കുട്ടികള്‍ തന്നെ നേരിട്ട് രംഗത്തെത്തിയതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഛത്തീസ്ഗഢില്‍ 1700 സ്കൂള്‍ വിദ്യാര്‍ഥികള്‍ ശൗചാലയങ്ങള്‍ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് അവരുടെ രക്ഷിതാക്കള്‍ക്ക് കത്തയച്ച കാര്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കര്‍ണാടകയില്‍ 16 കാരിയായ പെണ്‍കുട്ടി വീട്ടില്‍ ശൗചാലയം ആവശ്യപ്പെട്ട് ഭക്ഷണം ഉപേക്ഷിച്ച് സത്യഗ്രഹത്തിലിരുന്നതും അദ്ദേഹം പറഞ്ഞു.
മദര്‍ തെരേസയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ചടങ്ങും പ്രധാനമന്ത്രി മന് കി ബാത്തില്‍ പരാമര്‍ശിച്ചു. പാവങ്ങള്‍ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച വ്യക്തിയായിരുന്നു മദര്‍ തെരേസയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആഘോഷങ്ങള്‍ പരിസ്ഥിതി സൗഹാര്ദ്ദമാകണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഇതിന്റെ ഭാഗമായി വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ചു നടക്കുന്ന ഗണേശപൂജയില്‍ കളിമണ്ണ് കൊണ്ടുള്ള വിഗ്രഹങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രകൃതിസൗഹൃദ ഗണേശോത്സവം സാമൂഹിക സേവനത്തിന്റെ മറ്റൊരു മുഖം കൂടിയാവണം. ഗണേശോത്സവത്തിലും, തുടര്‍ന്നു വരുന്ന ദുര്ഗ്ഗാപൂജയിലും പരമാവധി മണ്വിഗ്രഹങ്ങള് ഉപയോഗിക്കുന്നത് ആ മേഖലയില്‍ തൊഴിലെടുക്കുന്ന നിരവധി കുടുംബങ്ങള്‍ക്കും സഹായകമാകുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഒളിമ്പിക്സില്‍ ഭാരതത്തിന്റെ അഭിമാനമുയര്‍ത്തിയ കായികതാരങ്ങളെ പ്രശംസിച്ച അദ്ദേഹം ഈ രംഗത്ത് രാഷ്ട്രം കൂടുതല്‍ പുരോഗതി കൈവരിക്കേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.
രാജ്യത്തെ സാധാരണ ജനങ്ങള്‍ കായികമേഖലയെക്കുറിച്ച് ശ്രദ്ധാലുവാണെന്ന് അദ്ദേഹം പറഞ്ഞു. ഒളിമ്പിക്സ് ബാഡ്മിന്റണില്‍ വെള്ളി മെഡല്‍ നേടിയ പി.വി സിന്ധുവിന്റെ പരിശീലകന് പുല്ലേല ഗോപീചന്ദിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. കായികമേഖലയോടുളള ഗോപീചന്ദിന്റെ അര്‍പ്പണത്തെ അഭിവാദ്യം ചെയ്യുന്നതായി പ്രധാനമന്ത്രി പറഞ്ഞു.