ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിക്കും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും നോട്ടീസ്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡല്‍ഹി പാട്യാല ഹൗസ് കോടതി ഇരുവര്‍ക്കും നോട്ടീസ് അയച്ചത്. ഇവര്‍ക്ക് പുറമേ കേസിലെ മറ്റ് പ്രതികള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
വരവ് ചെലവ് കണക്കുകള്‍ രേഖപ്പെടുത്തിയ ബാലന്‍സ് ഷീറ്റ് ഉള്‍പ്പെടെ ഹാജരാക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പരാതിക്കാരനായ സുബ്രഹ്മണ്യന് സ്വാമിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. രണ്ടാഴ്ചയ്ക്കുളളില്‍ മറുപടി അറിയിക്കണമന്ന് കേസിലെ ഏഴ് പ്രതികളോടും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും കേസ് വീണ്ടും ഒക്ടോബര്‍ നാലിന് പരിഗണിക്കുമെന്നും സുബ്രഹ്മണ്യന് സ്വാമി വ്യക്തമാക്കി.
നേരത്തെയും ബാലന്‍സ് ഷീറ്റ് ഹാജരാക്കാന്‍ പാട്യാല ഹൗസ് കോടതി ഉത്തരവിട്ടെങ്കിലും ഡല്‍ഹി ഹൈക്കോടതി ഇത് റദ്ദ് ചെയ്തിരുന്നു. രേഖകള്‍ ആവശ്യമുളളപക്ഷം വീണ്ടും വിചാരണക്കോടതിയെ സമീപിക്കാമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സ്വാമി വീണ്ടും രേഖകള്‍ ആവശ്യപ്പെട്ടത്. സോണിയയെയും രാഹുലിനെയും കൂടാതെ കോണ്‍ഗ്രസ് നേതാക്കളായ ഓസ്കര് ഫെര്‍ണാണ്ടസ്, സുമന് ദുബെ, സാം പ്രിത്രോദ, യംഗ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉടമകള്‍ തുടങ്ങിയവരാണ് പ്രതിസ്ഥാനത്തുളളത്.
നെഹ്റു സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥാവകാശം കൈയ്യാളിയിരുന്ന അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിനെ സോണിയയും രാഹുലും ചേര്‍ന്ന് രൂപീകരിച്ച യംഗ് ഇന്ത്യന്‍ കമ്പനി ഏറ്റെടുത്തതില്‍ അഴിമതിയുണ്ടെന്നാണ് സുബ്രഹ്മണ്യന് സ്വാമിയുടെ പരാതി. 1600 കോടി രൂപ വിലമതിക്കുന്ന ഡല്‍ഹിയിലെ ഹെറാള്‍ഡ് ഹൗസ് വെറും 50 ലക്ഷം രൂപയ്ക്ക് ഇവര്‍ സ്വന്തമാക്കിയെന്നുള്പ്പെടെയുളള ആരോപണങ്ങളാണ് സുബ്രഹ്മണ്യന് സ്വാമി ഉന്നയിക്കുന്നത്.