കരിപ്പൂർ: മദ്യപിച്ചു വിമാനം പറത്തിയ എയർ ഇന്ത്യാ പൈലറ്റിനെതിരേ കരിപ്പൂർ പൊലീസ് കേസെടുത്തു. എയർ ഇന്ത്യാ പൈലറ്റ് റിതേഷ് മത്തങ്കാറിക്ക് എതിരേയാണ് കേസെടുത്തിരിക്കുന്നത്.
ഷാർജയിൽ നിന്നും കോഴിക്കോട്ടേയ്ക്കു വന്ന വിമാനമാണ് റിതേഷ് മദ്യപിച്ചു പറത്തിയത്. ആഗസ്റ്റ് പത്തിനായിരുന്നു സംഭവം. ഇരുനൂറിലധികം യാത്രക്കാരുമായി കോഴിക്കോട്ടേയ്ക്കു വന്ന വിമാനമാണ് മദ്യപിച്ചു കൊണ്ട് റിതേഷ് പറത്തിയത്. ഡ്യൂട്ടി കഴിഞ്ഞ ശേഷം പരിശോധന നടത്തിയപ്പോൾ റിതേഷ് മദ്യലഹരിയിലാണെന്ന് തെളിഞ്ഞിരുന്നു. ഈ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ റിതേഷിനെ നാലു വർഷത്തേയ്ക്ക് വിലക്കേർപ്പെടുത്തി ഉത്തരവായിട്ടുണ്ടെന്നാണ് വിവരം.