പുൽവാമ: ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ പൊലീസ് കോൺസ്റ്റബിൾ വെടിയേറ്റു മരിച്ചു. ഖുർഷുദ് അഹമ്മദ് എന്ന പൊലീസുദ്യോഗസ്ഥനാണ് തന്റെ വീടിനു സമീപം വെടിയേറ്റു മരിച്ചത്.
ഇന്നു വെളുപ്പിനെ മൂന്നു മണിയോടു കൂടിയായിരുന്നു സംഭവം. കോവിൽ ഗ്രാമത്തിലെ തന്റെ വീട്ടിൽ നിന്നും ഡ്യൂട്ടിക്കു പോകാനായി പുറത്തിറങ്ങിയ ഖുർഷിദ് അഹമ്മദിനെ ഭീകരർ തൊട്ടടുത്തു നിന്ന് വെടി വച്ചിടുകയായിരുന്നു. അതേസമയം ഭീകരവാദികൾ എത്രപേരുണ്ടായിരുന്നു എന്നതു വ്യക്തമല്ല. സ്ഥിരമായി ഭീകരാക്രമണങ്ങൾ റിപ്പോർട്ട് ചെയ്യാറുള്ള മേഖലയാണ് പുൽവാമ.