ന്യൂഡൽഹി : ആണവ വിതരണ ഗ്രൂപ്പ് അംഗത്വത്തിന് ഭാരതത്തിന് പരിപൂർണ പിന്തുണ നൽകുമെന്ന് ആവർത്തിച്ച് കാനഡ. യുറേനിയം കൈമാറ്റ കരാറിലും വിപ്ളവകരമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഇന്ത്യയിലെ കനേഡിയൻ സ്ഥാനപതി നാദിർ പട്ടേൽ വ്യക്തമാക്കി.
കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡൊ സമീപ ഭാവിയിൽ തന്നെ ഭാരതം സന്ദർശിക്കുമെന്നും പട്ടേൽ പറഞ്ഞു. തീയതി തീരുമാനിക്കാൻ ഊർജ്ജിതമായ ചർച്ചകൾ നടക്കുന്നുണ്ട്..ഇരു പ്രധാനമന്ത്രിമാരും ഉടൻ തന്നെ സൗകര്യ പ്രദമായ തീയതി തീരുമാനിക്കും. കാനഡയിൽ നിന്നുള്ള യുറേനിയം കയറ്റുമതി വളരെ നല്ല രീതിയിൽ മുന്നോട്ടു പോകുന്നുണ്ടെന്നും പട്ടേൽ വ്യക്തമാക്കി.
പുതിയ സർക്കാർ അധികാരമേറ്റ ശേഷം ഭാരതവും കാനഡയും തമ്മിലുള്ള ബന്ധത്തിൽ വൻ പുരോഗതിയാണുണ്ടായത് . . സാമ്പത്തിക രംഗത്ത് വരാൻ പോകുന്ന മാറ്റങ്ങൾ ബന്ധത്തെ നല്ല രീതിയിൽ സ്വാധീനിക്കുമെന്നും പട്ടേൽ പറഞ്ഞു.
എൻ എസ് ജിയിൽ ഭാരതത്തെ അംഗമാക്കുന്നതിനെതിരെ ശക്തമായ പ്രചാരണമാണ് ചൈന സംഘടിപ്പിച്ചത് . എന്നാൽ കാര്യമായ പ്രചാരണം നടത്തിയിട്ടും വിരലിലെണ്ണാവുന്ന രാജ്യങ്ങൾ മാത്രമേ ചൈനയെ പിന്തുണച്ചിരുന്നുള്ളൂ.