തിരുവനന്തപുരം : സപ്ലൈകോ ഓണം-ബക്രീദ് മെട്രോ ഫെയര്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ആഗസ്റ്റ് 26 മുതല്‍ സെപ്തംബര്‍ 13 വരെ പ്രവര്‍ത്തിക്കും. സംസ്ഥാനതല ഉദ്ഘാടനം 26 ന് വൈകിട്ട് നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ഓണക്കാലത്ത് ഗുണ നിലവാരമുള്ള നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിന് സപ്ലൈകോ എല്ലാ ജില്ലയിലും ജില്ലാ ഫെയറുകളും താലൂക്ക് ഫെയറുകളും ഓണം മാര്‍ക്കറ്റുകളും, സ്പെഷ്യല്‍ മിനി ഫെയറുകളും സംഘടിപ്പിക്കും.
ഓണം മാര്‍ക്കറ്റുകളും, സ്പെഷ്യല്‍ ഓണം മിനി ഫെയറുകളും സെപ്തംബര്‍ ഒന്‍പതു മുതല്‍ 13 വരെയും താലൂക്ക് ഫെയറുകള്‍ സെപ്തംബര്‍ അഞ്ചു മുതല്‍ സെപ്തംബര്‍ 13 വരെയും പ്രവര്‍ത്തിക്കും. സപ്ലൈകോയുടെ മറ്റെല്ലാ വിപണനശാലകളും സെപ്തംബര്‍ ഒന്നു മുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ ഓണം മാര്‍ക്കറ്റുകളായി പ്രവര്‍ത്തിക്കും.
സപ്ലൈകോ വിപണന കേന്ദ്രങ്ങളില്‍ നിന്നും വാങ്ങുന്ന ബ്രാൻഡഡ് ഉത്പ്പന്നങ്ങള്‍ക്ക് അഞ്ചു മുതല്‍ 30 ശതമാനം വരെ കിഴിവും ലഭിക്കും. ഓണം ഫെയറുകള്‍ / മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വില്‍പ്പന ശാലകളും രാവിലെ 9.30 മുതല്‍ വൈകിട്ട് ഏഴു മണി വരെയാണ് പ്രവർത്തിക്കുക.