കണ്ണൂര്‍: സംഘര്‍ഷ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കണ്ണൂരില്‍ സുരക്ഷ ശക്തമാക്കി. ശ്രീകൃഷ്ണജയന്തി ശോഭായാത്രയും സിപിഎം നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന നമ്മളൊന്ന് ഘോഷയാത്രയും ഒരേ സമയം നടക്കുന്നതിനാല്‍ സംഘര്‍ഷ സാദ്ധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കിയത്.
ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ പതിവായി ശോഭായാത്രകള്‍ സംഘടിപ്പിക്കാറുണ്ട്. ശോഭായാത്രകളിലെ ജന പങ്കാളിത്തം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിപിഎം ഇക്കുറി നമ്മളൊന്ന് ഘോഷയാത്രയുമായി രംഗത്തെത്തിയത്. കഴിഞ്ഞ വര്‍ഷം ശ്രീകൃഷ്ണജയന്തിയോട് അനുബന്ധിച്ച് സിപിഎം സംഘടിപ്പിച്ച ഘോഷയാത്ര വിവാദമായിരുന്നു.
പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ജില്ലയില്‍ സിപിഎം പ്രവര്‍ത്തകര്‍ വ്യാപക അക്രമം അഴിച്ചുവിട്ടിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ജില്ലയില്‍ 206 കേന്ദ്രങ്ങളിലാണ് സിപിഎം ഘോഷയാത്ര നിശ്ചയിച്ചിട്ടുളളത്.
ഓരോ കേന്ദ്രങ്ങളിലും സിഐമാരുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുളളത്. ഇരുകൂട്ടര്‍ക്കും പ്രത്യേകം റൂട്ടുകള്‍ പൊലീസ് ക്രമീകരിച്ചു നല്‍കിക്കഴിഞ്ഞു. അനുമതിയില്ലാത്ത സ്ഥലത്ത് പ്രകടനമോ ഘോഷയാത്രയോ നടത്തിയാല്‍ വാഹനം അടക്കം പിടിച്ചെടുക്കാനാണ് നിര്‍ദ്ദേശം. കണ്ണൂര്‍, തലശേരി, മട്ടന്നൂര്‍, ചക്കരക്കല്‍, തളിപ്പറമ്പ്, പയ്യന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് അതിജാഗ്രതാ നിര്‍ദ്ദേശം ഉള്ളത്.