തിരുവനന്തപുരം: ശ്രീകൃഷ്ണജയന്തിയോട് അനുബന്ധിച്ചുളള മഹാശോഭായാത്രകള്ക്ക് ആതിഥ്യമരുളാനുളള ഒരുക്കത്തിലാണ് നാടും നഗരവും. വിപുലമായ ഒരുക്കങ്ങളാണ് ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശോഭായാത്രകള്‍ക്കായി സജ്ജീകരിച്ചിരിക്കുന്നത്. നാടും നഗരിയും അമ്പാടിയാക്കി വീഥികളില്‍ നിറയുന്ന ഉണ്ണിക്കണ്ണന്മാരും ഗോപികമാരും കാണികളിലും ഭക്തിയും ആനന്ദവും നിറയ്ക്കും.
ഉച്ചതിരിഞ്ഞാണ് ക്ഷേത്രങ്ങളില്‍ നിന്നും ശോഭായാത്രകള്‍ പുറപ്പെടുക. പ്രധാനയിടങ്ങളില്‍ കേന്ദ്രീകരിച്ച ശേഷം വൈകുന്നേരത്തോടെ നഗരമധ്യത്തില്‍ മഹാശോഭായാത്രകളായി സംഗമിക്കും. വാദ്യമേളങ്ങള്‍ക്കൊപ്പം നിശ്ചലദൃശ്യങ്ങളും വിവിധ കലാരൂപങ്ങളും ശോഭായാത്രകളെ വര്‍ണാഭമാക്കും. ശോഭായാത്രകളുടെ സംഗമസ്ഥലങ്ങളില് ഉണ്ണിക്കണ്ണന്റെ ലീലകള്‍ ഓര്‍മിപ്പിച്ച് ഉറിയടി ഉള്‍പ്പെടെയുളളവയും ഒരുക്കിയിട്ടുണ്ട്.
ശോഭായാത്രകളുടെ സുഗമമായ നടത്തിപ്പിന് എല്ലാ ക്രമീകരണവും ഏര്‍പ്പെടുത്തിയതായി പൊലീസ് അറിയിച്ചു. നഗരങ്ങളില്‍ ശോഭായാത്രകള്‍ കടന്നുപോകുന്ന സമയത്ത് ഗതാഗതക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.