കൊച്ചി: സംസ്ഥാനത്തെ ആദ്യഹജ്ജ് സംഘം പുറപ്പെട്ടു. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും 450 തീര്‍ത്ഥാടകരേയും വഹിച്ച് സൗദി എയര്‍ലൈന്‍സിന്റെ വിമാനം 3.20 ന് പറന്നുയര്‍ന്നു. ഹജ്ജിന്റെ ചുമതല വഹിക്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീലാണ് ആദ്യയാത്ര ഫഌഗ് ഓഫ് ചെയ്തത്.
221 പുരുഷന്മാരും 229 സ്ത്രീകളും അടങ്ങുന്നതാണ് ആദ്യസംഘം. മൂന്ന് വളന്റിയര്‍മാരും സംഘത്തിലുണ്ട്. കോഴിക്കോട് ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഹജ്ജാജിമാരുള്ളത്. 205 പേരാണ് കോഴിക്കോട് നിന്നും ഉളളത്. മലപ്പുറത്തു നിന്നും 104 പേരുണ്ട്. നാല് പേരുള്ള വയനാട് ജില്ലയില്‍ നിന്നാണ് ഏറ്റവും കുറവ് തീര്‍ഥാടകര്‍. കണ്ണൂര്‍, എറണാകുളം, കാസര്‍കോഡ്, പാലക്കാട്, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്നും ആദ്യസംഘത്തില്‍ തീര്‍ത്ഥാടകരുണ്ട്.
ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് സമയത്തില്‍ മാറ്റം വരുത്തുകയായിരുന്നു. അടുത്ത മാസം ഒന്ന് വരെ എല്ലാ ദിവസവും ഇവിടെ നിന്നും രണ്ട് വിമാനങ്ങള്‍ വീതം സര്‍വ്വീസ് നടത്തും. രണ്ടാം തീയതി മുതല്‍ അഞ്ചു വരെ ഓരോ വിമാനങ്ങളും പുറപ്പെടും.
നെടുമ്പാശേരിയിലെ ഹജ്ജ് ക്യാമ്പില്‍ ആരോഗ്യവകുപ്പിന്റെ പ്രത്യേക മെഡിക്കല്‍ സെന്ററും തുറന്നിട്ടുണ്ട്. ക്രൈംബ്രാഞ്ച് എസ്.പി. അബ്ദുല്‍ കരീമിന്റെ നേതൃത്വത്തില്‍ 25 ഉദ്യോഗസ്ഥരടങ്ങിയ ഹജ്ജ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.