കോഴിക്കോട്: ശബരിമലയിലെ ഭരണപരവും ആചാരപരവുമായ കാര്യങ്ങളെ സര്‍ക്കാര്‍ രണ്ടായി കാണണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിശ്വാസങ്ങളും അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാതെ അതിന് അര്‍ഹരായവര്‍ തീരുമാനിക്കട്ടെയെന്ന നിലപാടാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. ശബരിമല നട ദിവസവും തുറക്കണമെന്നും പണം ഈടാക്കി ദര്‍ശനത്തിന് സൗകര്യം ഒരുക്കണമെന്നും ഉള്‍പ്പെടെയുളള നിര്‍ദ്ദേശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ ഭരണപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ പല തീരുമാനങ്ങളും കൈക്കൊണ്ടിട്ടുണ്ട്. അവിടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി ഏറ്റെടുത്തതും മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയതും ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ഇതിന് തെളിവാണ്. എന്നാല്‍ അനുഷ്ഠാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിവാദമാക്കാന്‍ ശ്രമിക്കരുതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
മുഖ്യമന്ത്രിയുമായുളള തര്‍ക്കത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പിന്തുണയുമായി കെപിസിസി അദ്ധ്യക്ഷന്‍ വി.എം സുധീരനും രംഗത്തെത്തി. ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ പ്രയാര്‍ പ്രാപ്തനാണ്. അദ്ദേഹത്തെ വര്‍ഗീയവാദിയായി ചിത്രീകരിച്ച മന്ത്രിമാരുടെ നിലപാട് മോശമായിപ്പോയെന്ന് സുധീരന് പറഞ്ഞു. അഭിപ്രായം പറയുന്നതിന് മുന്‍പ് മന്ത്രിമാര്‍ കുറച്ചുകൂടി ശ്രദ്ധിക്കണമെന്നും സുധീരന് ആവശ്യപ്പെട്ടു.
മണ്ഡലകാലത്തെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പമ്പയില്‍ കഴിഞ്ഞ ആഴ്ച ചേര്‍ന്ന അവലോകന യോഗത്തില്‍ വിവാദ നിര്‍ദ്ദേശങ്ങളുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ വാക്പോരുണ്ടായിരുന്നു. ഇതിന് പിന്നാലെ പ്രയാര്‍ വര്‍ഗീയവാദിയാണെന്ന ആരോപണവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തിയിരുന്നു.