തിരുവനന്തപുരം: ബസില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവതിയെ ഡിവൈഎഫ്ഐ, സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നതായി പരാതി. തിരുവനന്തപുരം ആറ്റിങ്ങല്‍ അയിലം സ്വദേശിനി താരാമിത്ര നിരഞ്ജനയെ ആണ് പ്രാദേശിക ഡിവൈഎഫ്ഐ, സിപിഎം പ്രവര്‍ത്തകര്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയെങ്കിലും ഇതിലും ഇതുവരെ തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല.
ബസില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതിന്റെ പേരില്‍ കഴിഞ്ഞ മാസം 20 ന് വൈകിട്ട് അയിലം കവലയില്‍ വെച്ച് ഒരുസംഘം താരാമിത്രയ്ക്ക് നേരെ പരസ്യമായി അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് താരാമിത്ര പൊലീസില്‍ പരാതി നല്‍കുന്നത്. ആറ്റിങ്ങല്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ആദ്യം തുടര്‍നടപടികള്‍ ഉണ്ടായില്ല. എന്നാല്‍ കേസിന്റെ വിവരങ്ങള്‍ അന്വേഷിച്ച് താരാമിത്ര തുടര്‍ച്ചയായി സ്റ്റേഷനില്‍ എത്തിയതോടെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ബന്ധിതരായി.
ഇവരുടെ അയല്‍വാസി ഉള്‍പ്പെടെ മൂന്ന് പേരെ പ്രതിചേര്‍ത്ത് എഫ്്ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെങ്കിലും കുറ്റാരോപിതര്‍ക്കെതിരേ യാതൊരു നടപടിയും പൊലീസ് സ്വീകരിച്ചില്ല. ഇതിനിടെ പ്രതികള്‍ പൂച്ചയെ തല്ലിക്കൊന്ന് തന്റെ വീട്ടുപടിക്കല്‍ കൊണ്ടിട്ടതായും കേസ് പിന്‍വലിച്ചില്ലെങ്കില്‍ തന്റെ മക്കള്‍ക്ക് ഈ ഗതി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും താരാമിത്ര പറയുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും താരാമിത്ര പരാതി നല്‍കിയത്.
1633/2016 എന്ന ക്രൈം നമ്പറിലാണ് ഐപിസി 294 ബി, 506(1), 34 വകുപ്പുകള്‍ ചുമത്തി
ആറ്റിങ്ങല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തന്നെയും വീട്ടുകാരെയും ആക്ഷേപിക്കാനും തന്നെ ഒരു പൊതുശല്യമായി ചിത്രീകരിക്കാനും ഡിവൈഎഫ്ഐ, സിപിഎം പ്രവര്‍ത്തകര്‍ നിരന്തരം ശ്രമിക്കുന്നതായും താരാമിത്ര പറയുന്നു. കേസ് പിന്‍വലിക്കാന്‍ പൊലീസ് സ്റ്റേഷനില്‍ നിന്നടക്കം സമ്മര്‍ദ്ദമുണ്ടെന്ന് പറയുന്ന താരാമിത്ര ഇതിനെതിരേ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.