ന്യൂഡൽഹി : സ്വച്ഛഭാരതം അടിസ്ഥാനമാക്കി വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഷോർട്ട് ഫിലിം മത്സരം നടത്തുന്നു. പൊതുജനാരോഗ്യത്തിൽ വൃത്തിയുടെ പങ്കിനെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം നടത്തുന്നത്. സ്വച്ഛഭാരതത്തിന് പ്രചോദനമാകുന്ന തരത്തിലുള്ള കഥകളും സംഭവങ്ങളും അടിസ്ഥാനമാക്കിയുള്ള ഷോർട്ട് ഫിലിമുകളാണ് പ്രതീക്ഷിക്കുന്നത്.
ഒക്ടോബർ 2 ന് ഗാന്ധിജയന്തി ദിനത്തിൽ ഡൽഹിയിൽ വച്ച് മികച്ച ഷോർട്ട് ഫിലിമിനുള്ള സമ്മാനം വിതരണം ചെയ്യും . ഏറ്റവും മികച്ച ഷോർട്ട് ഫിലിമിന് 10 ലക്ഷം രൂപയാണ് സമ്മാനത്തുക. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ് . ഇത് മൂന്ന് ഷോർട്ട് ഫിലിമുകൾക്ക് ലഭിക്കും . മൂന്നാം സമ്മാനം ആറ് ഷോർട്ട് ഫിലിമുകൾക്കാണ് ലഭിക്കുക . 2 ലക്ഷം രൂപയാണ് സമ്മാനത്തുക .
ഷോർട്ട് ഫിലിം നിർമ്മിക്കുന്നതിന് പ്രായപരിധിയില്ല. ദൈർഘ്യം മൂന്ന് മിനുട്ടിൽ കൂടാൻ പാടില്ല. ഹൈ ഡെഫനിഷനിലായിരിക്കണം ചിത്രീകരണം. ഇംഗ്ളീഷിലോ ഹിന്ദിയിലോ പട്ടികയിലുൾപ്പെട്ട മറ്റ് ഔദ്യോഗിക ഭാഷകളിലോ ഷോർട്ട് ഫിലിമെടുക്കാം. സെപ്റ്റംബർ 10 ആണ് ഷോർട്ട് ഫിലിമുകൾ അയയ്ക്കേണ്ട അവസാന തീയതി.