കൊച്ചി: കൊച്ചിയില്‍ പൊലീസ് ഉദ്യോഗസ്ഥന് വെടിയേറ്റ് മരിച്ചു. തൃപ്പുണിത്തുറ എ.ആര് ക്യാംപിലെ അസി. കമാന്‍ഡന്റ് സാബു മാത്യുവാണ് മരിച്ചത്. വയറില്‍ വെടിയേറ്റ സാബുവിനെ കൂടെയുണ്ടായിരുന്നു രണ്ടു പൊലീസുകാര്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വാഴക്കാലയില്‍ പട്രോളിങ് നടത്തുന്നതിനിടെ കയ്യിലുണ്ടായിരുന്ന പിസ്റ്റളില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റതായാണ് പ്രാഥമിക നിഗമനം.
സംഭവസമയം കാറിന്റെ പിന്‍സീറ്റിലായിരുന്നു സാബു മാത്യു. തൊട്ടടുത്തു നിന്ന് വെടിയേറ്റതിനാലുണ്ടായ ആഴത്തിലുള്ള മുറിവാണ് ഉണ്ടായത്. കോട്ടയം ചിങ്ങവനം സ്വദേശിയാണ് ഇദ്ദേഹം. കളമശ്ശേരി സി ഐ യുടെ നേതൃത്വത്തില്‍ രാവിലെ ആശുപത്രിയില്‍ എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഇതിനു ശേഷം മൃതദേഹം പോസ്റ്റ് മാർട്ടം ചെയ്യുന്നതിനായി ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി.വിരലടയാള വിദഗ്ദ്ധർ സംഭവം നടന്ന വാഹനം പരിശോധിച്ചു.