കോട്ടയം: സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി കെ. എം. നസീറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാന്‍ പാര്‍ട്ടി നേതൃത്വം ശ്രമിക്കുന്നതായി ബന്ധുക്കള്‍. കേസില്‍ ആരോപണവിധേയനായ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി നവാസും സ്ഥലം എസ്ഐയുമായുളള ബന്ധവും കേസില്‍ പ്രതികളായ പാര്‍ട്ടി നേതാക്കളെ രക്ഷിക്കാന്‍ ഉന്നതകേന്ദ്രങ്ങളില്‍ നിന്നുളള ഇടപെടലും അന്വേഷണത്തെ സ്വാധീനിക്കുന്നുണ്ടെന്ന് നസീറിന്റെ മകന് മുഹമ്മദ് ഹുസൈന് ആരോപിച്ചു.
സ്ഥലം എസ്ഐയുടെയും ഡിവൈഎസ്പിയുടെയും ഭാഗത്ത് നിന്നും നിഷ്ക്രിയമായ സമീപനമാണ് ഉണ്ടാകുന്നത്. പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വത്തിന്റെ സ്വാധീനത്തിന് വഴങ്ങിയാണ് പൊലീസ് നിലപാട് മയപ്പെടുത്തുന്നതെന്നാണ് മകന്റെ ആരോപണം. എസ്ഐയ്ക്ക് നവാസുമായി നല്ല ബന്ധമാണ്. ബ്ലോക്ക് സെക്രട്ടറിയുടെ സാന്നിധ്യത്തിലാണ് വിരലടയാളവും മറ്റും ശേഖരിക്കാന്‍ ഇയാള്‍ പോയതെന്നും മുഹമ്മദ് ഹുസൈന് ചൂണ്ടിക്കാട്ടി. സ്ഥലം മാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പാര്‍ട്ടിയുമായി എസ്ഐ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയുമാണ്.
നസീര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ തന്നെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനും പരാതി നല്‍കിയിരുന്നതായി മുഹമ്മദ് ഹുസൈന് വ്യക്തമാക്കി. എന്നാല്‍ പാര്‍ട്ടി നേതാക്കളുടെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല.
നിയസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറിലെ സിപിഎമ്മിന്റെ പരാജയം പ്രാദേശികനേതൃത്വത്തിന്റെ വീഴ്ചയെന്ന് ചൂണ്ടിക്കാട്ടി മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നസീര്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ആ പകയാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്. പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വം പി.സി ജോര്‍ജ്ജിന് വേണ്ടി പ്രവര്‍ത്തിക്കുകയും ഇടതുമുന്നണി സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെടുകയും ചെയ്തിരുന്നു.
ജൂലൈ 25 നായിരുന്നു നസീറിനെ ഒരു സംഘം ആക്രമിച്ചത്. 11 ദിവസം കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷമായിരുന്നു അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. തെരഞ്ഞെടുപ്പ് പരാജയത്തിലുപരി പാര്‍ട്ടിയിലെ ചില പ്രാദേശിക നേതാക്കളുടെ സാമ്പത്തിക ഇടപാടുകളെയും നസീര്‍ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇതിലുളള വിരോധവും കൊലപാതകത്തിന് കാരണമായി.
കേസില്‍ പ്രതികളായ ആറു പേര് കീഴടങ്ങിയെങ്കിലും ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. രണ്ടാം പ്രതിയായ ലോക്കല്‍ സെക്രട്ടറിയെ ഇതുവരെ ചോദ്യംചെയ്യാന്‍പോലും പൊലീസ് തയ്യാറായിട്ടില്ല. സംഭവത്തില്‍ മുഖം രക്ഷിക്കാനായി ആറ് പ്രതികളെയും സിപിഎം പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ പ്രത്യക്ഷത്തില്‍ നടപടി കൈക്കൊള്ളുകയും പരോക്ഷമായി ഇവരെ സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് നേതൃത്വം സ്വീകരിക്കുന്നത്.
നാല്പത് വര്‍ഷത്തോളം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച നസീര്‍ കൊല്ലപ്പെട്ടിട്ടും സംസ്കാരച്ചടങ്ങില്‍ നേതാക്കള്‍ ആരും എത്താഞ്ഞത് നേരത്തെ വിവാദമായിരുന്നു. സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാനുളള ഒരുക്കത്തിലാണ് ബിജെപി. മനുഷ്യാവകാശലംഘനങ്ങള്‍ക്ക് പൊലീസ് കൂട്ടുനില്‍ക്കുന്നതിനെതിരേ വെള്ളിയാഴ്ച പാലാ ഡിവൈഎസ്പി ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തുമെന്ന് നസീറിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍. ഹരി അറിയിച്ചു.